വീട്ടിലെ പൂജാമുറിയിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുടെ പ്രതിമ സ്ഥാപിച്ച് പൂജ ചെയ്തു ടിവികെ പ്രവര്‍ത്തകന്‍. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള ടിവികെ പ്രവര്‍ത്തകന്‍ സുകുമാര്‍ ഷണ്‍മുഖമാണ് വിജയിന്‍റെ പൂര്‍ണകായ പ്രതിമ പൂജാമുറിയില്‍ സ്ഥാപിച്ചത്. വിജയ് മക്കൾ ഇയക്കത്തിൽ പ്രവർത്തിച്ചിരുന്ന സുകുമാർ, താരം ടിവികെ ആരംഭിച്ചതോടെ പാര്‍ട്ടിയില്‍ അംഗമായി. 

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ വന്‍ വിജയം നേടിയതിന് പിന്നാലെയാണ് സുകുമാര്‍ പ്രതിമ പൂജാമുറിയില്‍ എത്തിച്ചത്. പിന്നാലെ ദിവസവും പൂജയും  ആരംഭിച്ചു. വീട്ടിലെ പൂജാമുറിയിലുള്ളത് പോലെയുള്ള മറ്റൊരു പ്രതിമ വിജയിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പാര്‍ട്ടി അംഗമായ നവല്‍പട്ട് വിജിക്ക് സുകുമാര്‍ സമ്മാനിച്ചിരുന്നു. 

വിജയ്​യുടെ പ്രതിമയ്ക്ക് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുന്ന സുകുമാറിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിജയ് ആരാധകരും ടിവികെ പ്രവര്‍ത്തകരും അഭിനന്ദനവും സ്നേഹവും ചൊരിയുമ്പോള്‍ മറ്റുള്ളവര്‍ സെലിബ്രിറ്റി ആരാധന വെറെ ലെവല്‍ എന്നാണ് കുറിച്ചത്. 'തമിഴ് സംസ്കാരത്തിന് ചേരുന്നില്ല' എന്നായിരുന്നു മറ്റൊരു കമന്‍റ്. എന്നാല്‍ വിജയ് മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കുകയോ ചോദ്യങ്ങളോട് പ്രതികരിക്കുകയോ ചെയ്യാത്തതിനാല്‍ പ്രതിമയും നേരിട്ടുള്ളതും കണക്കാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

തമിഴ്നാട്ടില്‍ താര ആരാധന ഇതാദ്യമല്ല. ചിന്നത്തമ്പി എന്ന ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ നടി ഖുശ്ബുവിന്  ആരാധകര്‍ അമ്പലം പണിയുകയും പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഈ അമ്പലം നാട്ടുകാര്‍ പൊളിക്കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

A dedicated TVK party worker has sparked widespread social media discussions by installing a life-size statue of Tamil Nadu Chief Minister Joseph Vijay inside his household pooja room. The loyalist, identified as Sukumar Shanmugam from Tiruchirappalli, transitioned from the Vijay Makkal Iyakkam to the TVK party following the actor's formal political entry. Sukumar initiated daily spiritual rituals and prayers for the statue immediately after TVK secured a historic and dynamic victory in the recent Tamil Nadu assembly elections. While core fans and party members have heavily celebrated this extreme gesture, critics online have labeled the viral dynamic footage as an unhealthy level of celebrity obsession that deviates from local cultural values. This incident recalls Tamil Nadu's long-standing corporate tradition of elevating screen icons to deity status, similar to when fans built a functional temple for actress Khushbu during the peak of her cinematic career.