ശിശുദിനത്തില്‍ തമിഴ്നാട്ടിലെ ചില്‍ഡ്രന്‍സ് ഡബിള്‍ ഹാപ്പി. വിദ്യാർഥികൾക്ക് കേക്ക് നല്‍കുന്ന പദ്ധതി മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്‌തു. വിജയ് ഒപ്പിട്ട ആശംസ കാര്‍ഡുകളും കുഞ്ഞുങ്ങള്‍ക്ക് നല്‍കി. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ശിശുദിനത്തിന് കുട്ടികള്‍ക്ക് കേക്ക് വിതരണം ചെയ്യുന്നത്.

ചെന്നൈ കൊളത്തൂരിലെ സർക്കാർ മിഡിൽ സ്‌കൂളിൽ വച്ചായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി സി ജോസഫ് വിജയ് വിദ്യാര്‍ഥികള്‍ക്ക് കേക്ക് പാക്കറ്റുകള്‍ വിതരണം ചെയ്‌തു. ഒപ്പം വിജയ് ഒപ്പിട്ട ആശംസ കാര്‍ഡുകളും. ഒരു കുട്ടിയെ കയ്യിലെടുത്ത് വിജയ് കേക്ക് നല്‍കി, ഇഷ്ടാമായോ എന്നും മുഖ്യമന്ത്രിയുടെ ചോദ്യം. കേക്ക് നുണഞ്ഞുകൊണ്ട് ചെറുപുഞ്ചിരിയില്‍ മറുപടി.

മിക്സഡ് ഫ്രൂട്ട്, വാനില, ചോക്ലേറ്റ്, ബട്ടർ മിൽക്ക് സ്പോഞ്ച് എന്നീ നാല് രുചികളിലെ കേക്കുകളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ സർക്കാർ– എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന 61 ലക്ഷത്തോളം വിദ്യാർഥികൾക്കാണ് കേക്ക് നല്‍കുന്നത്. 9.27 കോടി രൂപ ചെലവിലാണ് പദ്ധതി. നാളെ ശനിയാഴ്ച സ്‌കൂളുകൾ അവധിയായതിനാലാണ് കേക്കുകള്‍ ഇന്ന് വിതരണം ചെയ്‌തത്. കേക്ക് വിതരണത്തിന് ശേഷം അങ്കണവാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ശര്‍ക്കര പൊങ്കലും വിജയ് വിളമ്പി നല്‍കി.

ENGLISH SUMMARY:

Tamil Nadu Chief Minister C. Joseph Vijay inaugurated a statewide Children's Day cake distribution scheme at a government middle school in Kolathur, Chennai, marking a first-of-its-kind celebration in the state.