• തമിഴ്നാട് മധുരയില്‍ വന്‍ കവര്‍ച്ച. കലാവാസലിന് സമീപത്തെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് 50 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറിയില്‍നിന്ന് 35 കിലോ സ്വർണമാണ് കവർന്നത്. 15 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത ഷോറൂമിലാണ് കവർച്ച നടന്നത്

തമിഴ്നാട് മധുരയില്‍ വന്‍ കവര്‍ച്ച. കലാവാസലിന് സമീപത്തെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് 50 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറിയില്‍നിന്ന് 35 കിലോ സ്വർണമാണ് കവർന്നത്. 15 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത ഷോറൂമിലാണ് കവർച്ച നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.  Also Read: ശ്വാസംമുട്ടലുള്ളയാള്‍ക്ക് ദുബായിൽ എന്തുകാര്യം; തച്ചങ്കരിയെ കുരുക്കി ഹൈക്കോടതി; രോഗം പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്


രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഷോറൂമിലെ ലിഫ്‍റ്റിന്റെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് കവര്‍ച്ച. പ്രധാനകവാടത്തിലൂടെയല്ല മോഷ്‌ടാക്കള്‍ അകത്തു കടന്നതെന്നാണ് വിവരം.  ജ്വല്ലറിയുടെ പിന്‍ഭാഗം വഴി മൂന്നാം നിലയില്‍ പ്രവേശിച്ച മോഷ്‌ടാക്കള്‍ പ്രദര്‍ശനത്തിനടക്കം സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. 

ബാഗുമായി പോകുന്ന മുഖംമൂടി ധരിച്ച മൂന്നുപേരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.  അന്വേഷണത്തിന് മൂന്ന് സംഘം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.  ഫൊറന്‍സിക് ഉദ്യോഗസ്ഥരെത്തി ജ്വല്ലറി സന്ദര്‍ശിച്ച് പരിശോധന നടത്തുകയാണ്.  പൊലീസ് സ്നിഫര്‍ നായ്ക്കളെ എത്തിച്ചും പരിശോധിക്കുന്നുണ്ട്.  പ്രദേശത്ത് തന്നെയുള്ളവരാണോ അതോ പുറത്തുനിന്നുള്ള സംഘമാണോ മോഷണത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. 

ENGLISH SUMMARY:

A jewellery showroom in Madurai, Tamil Nadu, was robbed of approximately 35 kg of gold worth Rs 50 crore. The showroom, located near Kalavasal, had opened just 15 days before the incident. Three masked suspects were captured on CCTV carrying bags. Police have formed three special teams, while forensic experts and sniffer dogs are assisting the investigation.