Image Credit: PTI

Image Credit: PTI

ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വെട്ടിച്ചുരുക്കി ബംഗാള്‍ സര്‍ക്കാര്‍. 2023 മുതല്‍ Z കാറ്റഗറി സുരക്ഷയാണ് താരത്തിന് നല്‍കി വന്നിരുന്നത്. എന്നാല്‍ നിലവില്‍ താരത്തിന് അത്ര വലിയ സുരക്ഷാഭീഷണിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം.

Y കാറ്റഗറി സുരക്ഷയാണ് താരത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം സ്പെഷല്‍ ബ്രാഞ്ചിലെ മൂന്ന് പൊലീസുകാരെയും  മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും അനുവദിക്കും. Z കാറ്റഗറിയിലായിരുന്നപ്പോള്‍ എട്ടുമുതല്‍ പത്ത് പൊലീസുകാരെ വരെയാണ് സുരക്ഷയ്ക്കായി അനുവദിച്ചിരുന്നത്. ഇവരില്‍ ഒരു വിഭാഗം അദ്ദേഹത്തിന്‍റെ ബഹ്​ല വസതിയിലും മറ്റുള്ളവര്‍ സംസ്ഥാനത്തിനകത്ത് അദ്ദേഹം പോകുന്നിടത്തെല്ലാം അനുഗമിക്കുകയും ചെയ്തിരുന്നു.

പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ സുരക്ഷാച്ചട്ടങ്ങളും പരിഷ്കരിച്ചു. ഇതനുസരിച്ചാണ് Z കാറ്റഗറിയില്‍ വരുന്ന സുരക്ഷ താരത്തിന് ആവശ്യമില്ലെന്ന് കണ്ടെത്തിയത്. എന്നിരുന്നാലും വീടിന് സുരക്ഷ ഒരുക്കാന്‍ ഹോം ഗാര്‍ഡിനെയും അംഗരക്ഷകന്‍മാരെയും നിലനിര്‍ത്തുമെന്നും വിഐപി പരിഗണന തന്നെയാകും ലഭിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഗാംഗുലിയുടെ സുരക്ഷ മാത്രമായി വെട്ടിച്ചുരുക്കിയതല്ലെന്നും സംസ്ഥാനമൊട്ടാകെ വിഐപി സുരക്ഷാച്ചട്ടം പരിഷ്കരിച്ചതിന്‍റെ ഭാഗമാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വ്യക്തികളുടെ ഭരണഘടനാ പദവി, ഔദ്യോഗിക പദവി, സുരക്ഷാ ഭീഷണി ഇവ കണക്കിലെടുത്താണ് പരിഷ്കാരമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഗാംഗുലി ഇപ്പറഞ്ഞ വിഭാഗങ്ങളിലൊന്നും വരുന്നില്ലെന്നും അതാണ് Z കാറ്റഗറി ഒഴിവാക്കിയതെന്നുമാണ് വിശദീകരണം.

അതേസമയം, ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജിയുമായി വളരെ അടുത്ത ബന്ധമാണ് സൗരവ് ഗാംഗുലിക്കുണ്ടായിരുന്നത്. 2023 ല്‍ ഗാംഗുലിയെ ബംഗാളിന്‍റെ ബ്രാന്‍ഡ് അംബാസഡറായി മമത പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നിക്ഷേപക ഉച്ചകോടിക്കായി ഇരുവരും ഒന്നിച്ച് സ്പെയിനിലും പോയി. എന്നാല്‍ തൃണമൂലില്‍ ചേരാനുള്ള ക്ഷണം അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മമതയെ ഓഫിസിലെത്തി ഗാംഗുലി സന്ദര്‍ശിച്ചതും താരം തൃണമൂലിലേക്കെന്ന അഭ്യൂഹമേറ്റിയിരുന്നു. എന്നാല്‍ മമതയുമമായി ഊഷ്മള സൗഹൃദമാണുള്ളതെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഗാംഗുലി ആവര്‍ത്തിക്കുകയും ചെയ്തു. ഇതെല്ലാം കൊണ്ടുതന്നെ സര്‍ക്കാര്‍ മാറിയതിന് പിന്നാലെയുള്ള പ്രതികാര നടപടിയായി തന്നെ വേണം ഗാംഗുലിയുടെ സുരക്ഷ വെട്ടിച്ചുരുക്കിയതിനെ കാണാനെന്ന് വിലയിരുത്തുന്നവരും ചെറുതല്ല.

ENGLISH SUMMARY:

The West Bengal government has downgraded the security cover of former Indian cricket captain and BCCI President Sourav Ganguly from Z category to Y category. This structural revision follows a comprehensive review of the VIP security protocols initiated across the state after the newly formed government assumed office. Under the previous Z category, Ganguly was allocated eight to ten police personnel protecting his Behala residence and accompanying his regional travels, which has now been reduced to three special branch officers and three security personnel. Government officials clarified that the move was completely non-political and based strictly on an assessment of constitutional status and potential threat levels. Despite the corporate downgrade, internal sources confirmed that home guards will remain posted at his residence, ensuring he retains appropriate VIP privileges.