മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്ന 60 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മമത പുറത്താക്കിയ റിതബ്രത ബാനര്‍ജിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എംഎല്‍എമാരായ റിതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും കഴിഞ്ഞ ദിവസമാണ് മമത പുറത്താക്കിയത്. എന്നാല്‍ ഉറ്റ അനുയായിയായ സൊഭോന്‍ദേബ് ചതോപാധ്യായയെയാണ് മമത നിര്‍ദേശിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് തൃണമൂലില്‍ ആഭ്യന്തര കലഹം രൂക്ഷമായത്. പ്രാദേശിക നേതാക്കളടക്കം അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി. മമതയുടെ രീതികളോട് ജയിച്ചെത്തിയ എംഎല്‍എമാര്‍ക്കും വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മമത തലപ്പത്ത് നിന്ന് മാറണമെന്ന ആവശ്യം ശക്തമായതിനാലാണ് തൃണമൂലിന്‍റെ 80 എംഎല്‍എമാരില്‍ 60 പേരും മമത വിളിച്ച യോഗം ബഹിഷ്കരിച്ചതെന്നും വ്യക്തമായിരുന്നു. 'അമ്മായിയും അനന്തരവനും മാത്രമേ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടാകൂ'വെന്നായിരുന്നു ബിജപി നേതാവും മന്ത്രിയുമായ ദിലിപ് ഘോഷിന്‍റെ പരിഹാസം.
പിളര്‍പ്പുണ്ടായേക്കുമെന്ന് അഭ്യൂഹം പരന്നതോടെ മമതയുടെ വീട്ടില്‍ യോഗങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ സംഭവ വികാസങ്ങള്‍ ഇത് ശരിവയ്ക്കുന്നുമുണ്ട്. മമതയുടെ അടുപ്പക്കാരന്‍ ചതോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ഇട്ടെന്ന് പറയുന്ന ഒപ്പില്‍ ചിലത് വ്യാജമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചിരുന്നു. റിതബ്രതയും സന്ദീപന്‍ സാഹയും തങ്ങളുടെ ഒപ്പ് വ്യാജമായി ചേര്‍ത്തുവെന്ന് തന്നോട് പരാതി പറഞ്ഞുവെന്നാണ് സുവേന്ദു തുറന്നടിച്ചത്. 'ബംഗാളിലെ ജനങ്ങളെ മാത്രമല്ല, സ്വന്തം എംഎല്‍എമാരെയും തൃണമൂല്‍ വഞ്ചിച്ചു. അവരുടെ ഒപ്പുവരെ മോഷ്ടിച്ചു. പരാതി പറഞ്ഞത് എംഎല്‍എമാരാണ്. ബിജെപിക്ക് ഇതിലൊരു പങ്കുമില്ല' എന്നായിരുന്നു സുവേന്ദുവിന്‍റെ വാക്കുകള്‍.
സുവേന്ദുവിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ റിതബ്രതയെയും സന്ദീപനെയും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. അഭിഷേക് ബാനര്‍ജിയാണ് തന്‍റെ ഒപ്പ് വ്യാജമായി ഇട്ടതെന്നായിരുന്നു സാഹയുടെ ആരോപണം. സംഭവത്തില്‍ ബംഗാള്‍ സിഐഡി അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അഭിഷേക് ഹാജരാകണമെന്ന് സിഐഡി അറിയിച്ചിട്ടുണ്ട്.