bengal

TOPICS COVERED

ബംഗാളില്‍ ടി.എം.സി നേതാക്കള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം തുടരുന്നു. അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്യാണ്‍ ബാനര്‍ജി എം.പിയെയും കയ്യേറ്റം ചെയ്തു. അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ അഞ്ചുപേര്‍ അറസ്റ്റിലായി. വധശ്രമമാണ് നടന്നതെന്ന് മമത ബാനര്‍ജിയും ജനരോഷമാണ് പ്രകടമായതെന്ന് ബി.ജെ.പിയും പ്രതികരിച്ചു. ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എത്തിയത് ഇന്ത്യ സഖ്യം വീണ്ടും ശക്തിപ്പെടുന്നതിന്‍റെ സൂചനയാണ്

24 മണിക്കൂറിനിടെ ടി.എം.സിയുടെ രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ് ആക്രമിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് ആക്രമണങ്ങളെ കുറിച്ച് പരാതി നല്‍കാന്‍ രാവിലെ ഹൂഗ്ലി ചാന്ദിതാല പൊലീസ് സ്റ്റേഷനില്‍ എത്തിയ കല്യാണ്‍ ബാനര്‍ജിക്കുനേരെ മുദ്രാവാക്യം മുഴക്കി ആളുകള്‍ പാഞ്ഞടുക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ കല്യാണ്‍ ബാനര്‍ജി നിലത്തുവീണു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടാണ് അദ്ദേഹത്തെ മാറ്റിയത്. സോണാര്‍പുരില്‍ ഇന്നലെ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. അതേസമയം പ്രകോപന പരാമര്‍ശങ്ങളുമായി ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തി. ടി.എം.സി ഭരണകാലത്ത് നടത്തിയ ഉപദ്രവങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടിയാണ് ആക്രമണമെന്ന് മന്ത്രി ദിലീപ് ഘോഷ് പറഞ്ഞു. അഭിഷേക് ബാനര്‍ജി, ഭീകരവാദിയും കവര്‍ച്ചക്കാരനുമാണെന്നും ചാണകവെള്ളം തളിക്കണമെന്നും ബി.ജെ.പി. എം.പി സൗമിത്ര ഖാനും പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ പ്രതിപക്ഷം ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരെ തിരിഞ്ഞു. രാഹുല്‍ ഗാന്ധി മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കേജ്‌‍രിവാള്‍ എന്നിവരും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇന്ത്യ സഖ്യവുമായി അകന്നിരുന്ന പാര്‍ട്ടികള്‍ വീണ്ടും ഒന്നിക്കുന്നതിന്‍റെ സൂചനയാണ് ഇത്. ജൂണ്‍ ആറിന് ഇന്ത്യ മുന്നണി യോഗം ചേരാനിരിക്കുകയാണ്.

ENGLISH SUMMARY:

West Bengal TMC leaders faced mob attacks as Kalyan Banerjee MP was assaulted following Abhishek Banerjee's attack. This incident is seen as a sign of the India alliance strengthening, with opposition parties uniting to condemn the violence.