പശ്ചിമബംഗാളിലെ സോണാർപൂർ സൗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കു നേരെ ആക്രമണം. തിരഞ്ഞെടുപ്പ് സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും കല്ലും മുട്ടയും ചെരുപ്പും എറിയുകയായിരുന്നു.
തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ സഞ്ജു കർമാകറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് ആക്രമണമുണ്ടായത്. അഭിഷേക് എസ്‌യുവിയിൽ നിന്നും മാറി ബൈക്കിൽ കയറിയ ഉടനെ അക്രമിക്കുകയായിരുന്നു. കള്ളന്‍ എന്നു വിളിച്ച് ഓടിയെത്തിയ ഒരു സംഘം വസ്തുക്കളെറിയുകയും ശാരീരികമായി അക്രമിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ആക്രമണമുണ്ടായതോടെ പൊലീസ് ഹെൽമെറ്റ് ധരിപ്പിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ അഭിഷേക് ബാനർജി സ്ഥലത്ത് നിന്നും മാറ്റിയത്. കയ്യാങ്കളിയിൽ അഭിഷേകിന്‍റെ ഷർട്ട് കീറി. സുരക്ഷാ ഉദ്യോഗസ്ഥരും ഭവാനിപൂരിൽ നിന്നുള്ള ചുരുക്കം ചില തൃണമൂൽ പ്രവർത്തകരും മാത്രമാണ് അഭിഷേകിനൊപ്പമുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 26 ദിവസത്തിനു ശേഷമാണ് അഭിഷേക് ബാനര്‍ജി പൊതു പരിപാടിക്കെത്തുന്നത്. സുവേന്ദു അധികാരി സര്‍ക്കാര്‍ അഭിഷേക് ബാനര്‍ജിയുടെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
അക്രമം ബിജെപി സ്പോൺസർ ചെയ്തതാണെന്ന് അഭിഷേക് ആരോപിച്ചു. 'അവർ എന്താണ് ചെയ്തതെന്ന് നോക്കൂ. ഇതാണ് അവരുടെ ജനാധിപത്യം. ഒരു മാസം പോലും ആയിട്ടില്ല, പൊലീസിനെ എവിടെയും കാണാനില്ല' എന്നാണ് അഭിഷേക് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഗവർണറെയും ഹൈക്കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം കള്ളന്മാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി തൃണമൂല്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. മെയ് 14 ന് കൊൽക്കത്ത ഹൈക്കോടതിയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും വ്യാഴാഴ്ച മുതിർന്ന തൃണമൂല്‍ എംപി സൗഗത റോയിക്കും പ്രതിഷേധമുണ്ടായിരുന്നു.