bengal-ed

തിരുവനന്തപുരത്ത് ഇഡിക്ക് നേരെ കൈയോങ്ങിയപ്പോൾ പലരും ഓർത്തത് ബംഗാളില്‍ ഇ.ഡി ഉദ്യോഗസ്ഥർ നേരിടേണ്ടി വന്ന ആക്രമണമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഗവർണറും കോടതിയും ഒന്നിച്ചിറങ്ങിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിസ്ഥാനത്തായ ആക്രമണത്തെ നേരിട്ടത്. ബംഗാളിനെ പിടിച്ചുകുലുക്കിയ ഇഡിക്കെതിരായ ആക്രമണം എന്തെന്ന് നോക്കാം. 

2024 ജനുവരി അഞ്ചിനാണ് ബംഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഷാജഹാൻ ഷെയ്ക്കിന്റെ വീട്ടിൽ ഇഡി റെയ്ഡിനെത്തിയത്. അതും സിആര്‍പിഎഎഫിന്‍റെ സുരക്ഷയില്‍. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇഡി നടപടി. തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരും ചില നാട്ടുകാരും ഷാജഹാന്‍ ഷെയ്ക്കിന്‍റെ ഗുണ്ടകളും ചേര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെയും സിആർപിഎഫിനെയും മര്‍ദിച്ചു. വന്‍ സംഘര്‍ഷം. അഞ്ഞൂറോളം വരുന്ന അക്രമിസംഘം റോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

പ്രതിഷേധ സാധ്യതയുണ്ടായിട്ടും മമത ബാനര്‍ജിക്ക് കീഴിലെ പൊലീസ് ഇടപെട്ടില്ല. സംഘര്‍ഷത്തില്‍ മൂന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വാഹനങ്ങളും തകര്‍ത്തു. ഇഡി ഉദ്യോഗസ്ഥരുടെ ഫോണും ലാപ്ടോപ്പും പഴ്സുമടക്കം കവര്‍ന്നു. രാഷ്ട്രീയ ആരോപണങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെയും ഗവര്‍ണറുടെ ഓഫിസിന്‍റെയും ഇടപെടലുകള്‍ പിന്നാലെയുണ്ടായി. ഒടുവില്‍ കോടതിയിലേക്കും പോരെത്തി.

ഇതോടെ കല്‍ക്കട്ട ഹൈക്കോടതി സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചു. സിബിഐ അന്വേഷണത്തില്‍ ഷാജഹാന്‍ ഷെയ്ക്കിനെയും തുടര്‍ന്ന് അക്രമത്തില്‍ പങ്കെടുത്തവരെയും അറസ്റ്റ് ചെയ്തു. ഭരണത്തിന്‍റെ തണലില്‍ ഇഡി ഉദ്യോഗസ്ഥരെയും സിആര്‍പിഎഫിനെയും ആക്രമിച്ചതില്‍ വലിയ വിമര്‍ശനമാണ് മമത ബാനര്‍ജി നേരിട്ടത്. 

ENGLISH SUMMARY:

ED officers were attacked in Thiruvananthapuram, reminding many of a similar incident in Bengal where ED officials faced aggression. The attack on ED officials in Bengal, which involved the Trinamool Congress, led to a significant political and judicial fallout.