Image: @ndtv
സ്ത്രീധനം ആവശ്യപ്പെട്ടുളള ഭര്‍ത്താവിന്‍റേയും കുടുംബത്തിന്‍റേയും പീഡനം സഹിക്കാനാവാതെ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ജീവനൊടുക്കി. ലഖ്നൗവിലാണ് സംഭവം.സോഷ്യല്‍മീഡിയ താരംകൂടിയായ ഭര്‍ത്താവ് സാഗര്‍ രജ്പുത്തും കുടുംബവും നടത്തിയ പീഡനമാണ് മാന്‍സിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ആക്ഷേപം.
കാണ്‍പൂര്‍ സ്വദേശിയും ഇന്‍ഫ്ലുവന്‍സറുമായ യുവതി 2024ലാണ് സാഗര്‍ രജ്പുത് എന്ന ഇന്‍ഫ്ലുവന്‍സറെ വിവാഹം ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ എട്ടു ലക്ഷം ഫോളോവേഴ്സുള്ള താരം കൂടിയാണ് സാഗര്‍ രജ്പുത് എന്ന് എഫ്ഐആര്‍ വ്യക്തമാക്കുന്നു. വിവാഹസമയത്ത് രജ്പുതിന് 7 ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയെന്നും കൂടുതല്‍ പണവും കാറും ആവശ്യപ്പെട്ട് വിവാഹശേഷം പീഡനം തുടങ്ങുകയായിരുന്നുവെന്നും മാന്‍സിയുടെ കുടുംബം പറയുന്നു.
മാനസികമായും ശാരീരികമായും ഭര്‍ത്താവ് മാന്‍സിയെ ദ്രോഹിച്ചിരുന്നതായും പരിഹസിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. മകളുടെ പരാതിയെത്തുടര്‍ന്ന് പലതവണ സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനായി കുടുംബാംഗങ്ങള്‍ ലഖ്നൗവിലെ വീട്ടിലെത്തിയിട്ടുണ്ട്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും കുടുംബം ഉറപ്പിക്കുന്നു. മാന്‍സിയുടെ കുടുംബത്തിന്‍റെ പരാതിപ്രകാരം സാഗര്‍ രജ്പുതിനും മറ്റ് അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മോഡല്‍ ട്വിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട സ്ത്രീധനക്കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.