roshan-balakrishna

Image: Social Media

TOPICS COVERED

മൈസൂരുവിനടുത്തുള്ള യെൽവാലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മടിക്കേരിയ്ക്കടുത്തുള്ള ഹെരവനാട് ഗ്രാമത്തിലെ പരേതനായ ഹൊസോക്ലു ബാലകൃഷ്ണന്റെ മകന്‍ ഹൊസോക്ലു റോഷൻ ബാലകൃഷ്ണ (43) യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം.

പൊലീസ് പറയുന്നതനുസരിച്ച്, കുടക് ജില്ലക്കാരനായിരുന്ന റോഷന്‍ കുടുംബത്തോടൊപ്പം ബെംഗളൂരുവിലെ ജലഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം റോഷനും കുടുംബവും യെൽവാളിന് സമീപമുള്ള കുടുംബവീട് സന്ദര്‍ശിക്കുകയായിരുന്നു. ഇതിനിടെ തങ്ങളുടെ പാടം നോക്കാന്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് പാടത്ത് മാമ്പഴം പറിക്കാൻ പോയപ്പോൾ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

ഐടി ജീവനക്കാരനായിരുന്ന റോഷൻ അടുത്തിടെയാണ് കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞത്. ജോലി ഉപേക്ഷിച്ച അദ്ദേഹം സഹപ്രവർത്തകനോടൊപ്പം ആധുനിക കാർഷിക ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും അവയുടെ വിപണനവും ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. മാത്രമല്ല, കുടുംബത്തിന്റെ കാപ്പിത്തോട്ടവും നോക്കി നടത്തുകയായിരുന്നു. റോഷന്‍റെ സംസ്കാരം ഹെരവനാദിൽ നടന്നു. ഭാര്യയും ഒന്‍പതുവയസുകാരനുമായ മകനുമുണ്ട്.

അതേസമയം, ബുധനാഴ്ച മൈസൂരുവിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ഹുൻസൂർ താലൂക്കിലെ ഹോഷാപുര ഗ്രാമത്തിൽ താമസിക്കുന്ന ബോറെഗൗഡയാണ് വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. എച്ച്‌ഡി കോട്ട് താലൂക്കിലെ മലദഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന അപ്പയ്യയും ഇടിമിന്നലേറ്റ് മരിച്ചു. അപ്പയ്യയെ ഉച്ചയ്ക്ക് 1 മണിയോടെ മരത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എച്ച്‌ഡി കോട്ടെയിലെ അന്തരസന്തേയിൽ ഇടിമിന്നലേറ്റ് ഒരു പശു ചത്തതായും റിപ്പോര്‍ട്ടുണ്ട്.

ENGLISH SUMMARY:

A 43-year-old former IT professional, Roshan Balakrishna Hosoklu, was tragically killed after being struck by lightning at Yelwal near Mysuru. Roshan, a native of Madikeri who resided with his family in Bengaluru's Jalahalli, was visiting his ancestral property when he stepped into the field to pick mangoes during a sudden storm. Although he was rushed to a nearby medical facility immediately, authorities confirmed he had already succumbed to the lightning strike on the spot. He had recently quit his corporate career to pursue modern organic farming and coffee plantation management alongside a colleague. Concurrently, two other local farmers, Boregowda and Appayya, also lost their lives to lightning strikes in separate incidents across the Mysuru district during the seasonal monsoon showers.