സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര കേരളത്തിനും മുന്‍പേ നടപ്പാക്കിയവരാണ് അയലത്തുള്ള തമിഴ്നാടും കര്‍ണാടകവും. കര്‍ണാടകത്തില്‍ സംസ്ഥാനമെങ്ങും പ്രീമിയം ബസുകളിലൊഴികെ യാത്ര ചെയ്യാം. തമിഴ്നാട്ടില്‍ യാത്ര ചെയ്യാവുന്നത് ഓര്‍ഡിനറി, സിറ്റി ബസുകളില്‍ 30 കിലോമീറ്റര്‍ വരെ മാത്രം.
എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വിടിയല്‍ പയനം തിട്ടം എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. ഓര്‍ഡിനറി സര്‍ക്കാര് ബസുകളില്‍ പരിധിയില്ലാത്ത യാത്ര നടത്താം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളിലും ഡീലക്സ് ബസുകളിലും അനുമതിയില്ല.
സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍ജന്‍ഡറുകള്‍ക്കും യാത്ര സൗജന്യമാണ്. റജിസ്ട്രേഷനോ ബുക്കിങ്ങോ ഇതിന് ആവശ്യമില്ല. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ പ്രതിമാസം 888 രൂപ ശരാശരി ലാഭിക്കുന്നതിന്‍റെ കണക്കുകളും തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
2023 ജൂണിലാണ് കര്‍ണാടകയില്‍ വനതികള്‍ക്ക് സൗജന്യ യാത്രാപദ്ധതി ആരംഭിച്ചത്. കര്‍ണാടകയില്‍ വിലാസമുള്ള എല്ലാ സ്ത്രീകള്‍ക്കും സംസ്ഥാനത്ത് എവിടേക്കും യാത്ര സൗജന്യമാണ്. ലക്ഷ്വറി വിഭാഗത്തില്‍ പെടാത്ത ബസുകളിലാണ് സൗജന്യമായി യാത്ര ചെയ്യാനാകുക. വെരിഫിക്കേഷനായി ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകളോ ശക്തി സ്മാര്‍ട്ട് കാര്‍ഡോ കയ്യില്‍ കരുതണം.