തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചത് വന്‍ വിവാദമാകുന്നു. സഖ്യകക്ഷികളായ കോണ്‍ഗ്രസും വിസികെയുമടക്കം ഈ നിയമനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ പുതിയ മുഖ്യമന്ത്രിയുടെ ഭരണകാലം അത്ര എളുപ്പമാകില്ലെന്ന സൂചനകളാണ് ആദ്യദിനങ്ങളില്‍ തന്നെ തമിഴ്നാട്ടില്‍ നിന്നും ഉയരുന്നത്.
തിരഞ്ഞെടുപ്പില്‍ ടിവികെ വന്‍വിജയം നേടുമെന്ന് പ്രവചിച്ച വ്യക്തിയാണ് രാധൻ പണ്ഡിറ്റ് വെട്രിവേല്‍. പ്രചാരണസമയങ്ങളില്‍ ടിവികെയുടെ അടുത്ത സഹായി കൂടിയായിരുന്നു. ഇത്തരം വൈകാരിക ബന്ധങ്ങളൊന്നും തല്‍ക്കാലം തങ്ങള്‍ക്ക് ദഹിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പറയുന്നത്. ഈ നിയമനം എന്ത് അടിസ്ഥാനത്തിലാണെന്നും നിയമനത്തെ ഒന്ന് വിശദീകരിക്കാമോ എന്നുമാണ് സഖ്യകക്ഷികള്‍ ചോദിക്കുന്നത്.
സഖ്യകക്ഷികളും പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയും ഈ നിയമനത്തില്‍ നെറ്റി ചുളിക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന ഈ പാര്‍ട്ടിനേതാക്കളില്‍ പലരും വിജയ്‌യുടെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിക്കുകയാണ്.
എനിക്കിത് മനസിലാകുന്നില്ല, ഒരു ജ്യോതിഷിക്കൊരു ഒഎസ്ഡി തസ്തിക എന്തിനാണ്? ആർക്കെങ്കിലും ഇത് വിശദീകരിക്കാമോ? എന്നാണ് കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ എക്സിലൂടെ ചോദിക്കുന്നത്. വിസികെ ജനറല്‍ സെക്രട്ടറി ഡി രവികുമാറും ഈ വിഷയത്തില്‍ പ്രതികരിച്ചു. ഒരു മതേതര സര്‍ക്കാറില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഇക്കാര്യം പുനഃപരിശോധിക്കണമെന്നും രവികുമാര്‍ പറയുന്നു. ജനങ്ങളില്‍ ശാസ്ത്രീയ മനോഭാവമാണ് വളര്‍ത്തേണ്ടത്, ഇദ്ദേഹം ഒരു ജ്യോതിഷി മാത്രമാണ്, ഭരണഘടനാ വിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ ഈ നിയമനം തമിഴ്നാട് സർക്കാർ ഉടൻ പിൻവലിക്കണമെന്നും രവികുമാര്‍ ആവശ്യപ്പെട്ടു.
സർക്കാർ ചിലവിൽ ഇത്തരമൊരു വ്യക്തിയെ ഉദ്യോഗസ്ഥനായി നിയമിക്കുന്നത് ജനങ്ങൾക്കിടയിൽ ജ്യോതിഷത്തിലുള്ള വിശ്വാസം വർധിപ്പിക്കാനേ ഉപകരിക്കൂവെന്നും ഇദ്ദേഹം രാഷ്ട്രീയ ഉപദേശം നല്‍കുമെന്നത് അംഗീകരിക്കാനാവില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. ഷണ്‍മുഖം പറയുന്നു.
വെട്രിവേല്‍ മുന്‍പ് ജയലളിത സര്‍ക്കാറിന് ഉപദേശം നല്‍കിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജയലളിതയുടെ നിർണായകമായ രാഷ്ട്രീയ തീരുമാനങ്ങളിൽ വെട്രിവേലിന് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത ജയിലിൽ പോകില്ലെന്ന വെട്രിവേലിന്റെ പ്രവചനം തെറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.