Image: kvnproductions.co.in/videos

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് നായകനായ ചിത്രം ജനനായകന്‍റെ നിർമാതാവ് വെങ്കട് കെ.നാരായണ ഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി. തമിഴ്‌നാട് ചീഫ് സെക്രട്ടറി എം.സായ് കുമാർ ജൂൺ 23ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു വർഷത്തെ കാലാവധിയിലാണ് നിയമനം. നിയമനവുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകള്‍ പിന്നീട് പുറപ്പെടുവിക്കുമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കുന്നു. പിന്നാലെ വിവാദവും ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ മേയില്‍ വിജയ് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർ ആർ. വി. അർലേക്കറെ സന്ദർശിച്ചപ്പോൾ വെങ്കട്ട് നാരായണയും ഒപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൻ്റെ നിർണായക പദവിയിലേക്കുള്ള ഇദ്ദേഹത്തിൻ്റെ നിയമനം. അതേസമയം, തമിഴ്നാടിന്‍റെ പ്രതിനിധിയായി കര്‍ണാടകക്കാരനെ നിയമിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നിയമനം റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. 

കന്നഡ സിനിമാ ലോകത്ത് നിന്ന് തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാവും ഫിനാൻസിയറുമാണ് വെങ്കട്ട് കെ. നാരായണ. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ സ്ഥാപകനുമാണ്. വിജയ്‍യുടെ അവസാന ചിത്രമായ 'ജനനായകൻ', യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്നീ ചിത്രങ്ങളുടെയടക്കം നിര്‍മാതാവാണ്. നിർമാണത്തിന് പുറമെ, ആര്‍ആര്‍ആര്‍, ആനിമൽ , കൽക്കി 2898 എഡി, കന്നഡ ചിത്രമായ സപ്ത സാഗരദാച്ചേ എല്ലോ എന്നിവയുടെ കർണാടകയിലെ വിതരണാവകാശം കൈകാര്യം ചെയ്തതും കെവിഎൻ പ്രൊഡക്ഷൻസ് ആയിരുന്നു. 

ENGLISH SUMMARY:

Venkat K. Narayana, the high-profile producer behind Tamil Nadu Chief Minister Vijay’s latest movie Jananayakan, has been appointed as the state government's special representative in New Delhi. According to an official order issued by Tamil Nadu Chief Secretary M. Sai Kumar on June twenty-third, the prominent film financier will hold the prestigious administrative post for a term of one year. The strategic appointment has immediately triggered a massive political controversy across the state due to Narayana's close professional and personal ties with the actor-turned-politician. Notably, the KVN Productions founder was prominently spotted alongside Chief Minister Vijay back in May during an official visit to Governor R. V. Arlekar to stake claim for government formation. Taking strong exception to the decision, the Bharatiya Janata Party state president heavily criticized the move and demanded an immediate revocation, arguing that appointing a person from Karnataka to represent Tamil Nadu's interests is highly inappropriate. Beyond his political entry, Venkat K. Narayana is a powerhouse in the Indian film industry, currently backing Yash's upcoming big-budget venture Toxic and previously managing the Karnataka distribution rights for blockbusters like RRR, Animal, and Kalki 2898 AD.