തമിഴ്നാട് മുഖ്യമന്ത്രി വിജയ്

സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷന്‍റെ (TASMAC) മദ്യവിൽപ്പനശാലകളാണ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. അധികാരമേറ്റ് ആദ്യ ദിവസങ്ങള്‍ക്കിടയിലുള്ള വിജയ്‌യുടെ ആദ്യത്തെ പ്രധാന നടപടിയാണിത്.

തമിഴ്‌നാട് സർക്കാരിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ ആകെ 4,765 ടാസ്മാക് മദ്യവിൽപ്പനശാലകളുണ്ട്. ഇവയില്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട 717 എണ്ണത്തിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ്. നേരത്തേ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ കണ്ടെത്താന്‍ ഉദ്യോഗസ്ഥർ സംസ്ഥാനവ്യാപകമായി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

മദ്യവിൽപ്പന ശാലകൾക്ക് കർശനമായ നിയന്ത്രണം ഉറപ്പാക്കുന്നതിനും ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളജുകൾ, ബസ് ടെർമിനലുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന മദ്യശാലകളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് നീക്കമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പൊതുജനതാൽപ്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് വിജയ്‌യുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം, തമിഴ്നാട്ടിലെ ടിവികെ സർക്കാറിന്‍റെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. രാവിലെ ഒൻപതരയ്ക്കാണ് തിരഞ്ഞെടുപ്പ്. ഡിഎംകെ സ്ഥാനാർഥികളെ നിർത്താത്തതിനാൽ ടിവികെ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെടും. ടിവികെയുടെ ജെസിഡി പ്രഭാകർ ആണ് സ്പീക്കർ സ്ഥാനാർഥി. പിളർന്ന അണ്ണാ ഡിഎംകെയുടെ നീക്കങ്ങൾ ഇന്ന് പ്രധാനമാണ്.

ENGLISH SUMMARY:

In his first major administrative action since taking office, Tamil Nadu Chief Minister Vijay has ordered the closure of 717 TASMAC liquor outlets across the state. These shops, which are located in close proximity to educational institutions, places of worship, and bus stands, are scheduled to be shut down within the next two weeks. According to government data, the move affects 276 outlets near temples, 186 near schools and colleges, and 255 near bus terminals. The decision follows a state-wide inspection conducted by officials to identify outlets causing public concern and safety issues in sensitive areas. A press release from the Chief Minister's office stated that the move is strictly in the interest of public welfare and aims to address long-standing grievances regarding the location of liquor shops.

google-trends-tasmac-shop-JPG

google trending topic: tasmac