vijay-sethupathi
  • സ്കൂളില്‍ പഠിക്കുമ്പോഴേ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ പോയിരുന്നു. അത് കഴിഞ്ഞ് ടെലിഫോണ്‍ ബൂത്തില്‍ ജോലിക്ക് പോയി. പല വാതിലുകളിലും മുട്ടി. ഇന്ന് ആ സ്ഥിതി മാറി

സുന്ദരപാണ്ഡ്യനും വിക്രം വേദയ്ക്കും മഹാരാജയ്ക്കുമെല്ലാം മുന്‍പ് സിനിമ സങ്കല്‍പത്തിലേ ഇല്ലാതിരുന്നൊരു വിജയ് സേതുപതിയുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് താരം. അച്ഛന്‍ ആരുടെയും മുന്നില്‍ തല കുനിച്ച് നില്‍ക്കാന്‍ ഇടയാകരുതെന്ന് മാത്രമായിരുന്നു അക്കാലത്ത് ചിന്തയെന്നും വിജയ് സേതുപതി തന്‍റെ കുട്ടിക്കാലത്തെ കുറിച്ച് പറയുന്നു. 'ട്രൂലി റാം' പോഡ്​കാസ്റ്റില്‍ വെളിപ്പെടുത്തി. 'കുട്ടിക്കാലത്ത് സിനിമയില്‍ അഭിനയിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. ജോലി ചെയ്യാനായിരുന്നു ഇഷ്ടം. സ്കൂളില്‍ പഠിക്കുമ്പോഴേ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ പോയിരുന്നു. അത് കഴിഞ്ഞ് ടെലിഫോണ്‍ ബൂത്തില്‍ ജോലിക്ക് പോയി. പല വാതിലുകളിലും മുട്ടി. ഇന്ന് ആ സ്ഥിതി മാറി. പക്ഷേ ഇന്നും എന്തെങ്കിലും വേണമെന്ന് തോന്നുമ്പോള്‍ അതെനിക്ക് ശരിക്കും വേണോ? എത്രത്തോളം അത് ആവശ്യമുണ്ടെന്ന് ഞാന്‍ ആലോചിക്കും. പഴയ കാലവും സാമ്പത്തിക സ്ഥിതിയും തീരുമാനമെടുക്കാന്‍ സഹായിക്കും'- താരം പറഞ്ഞു. 

കടക്കാര്‍ വീട്ടില്‍ വന്ന് കാത്ത് നിന്ന കാര്യവും അവരെ അനുനയിപ്പിച്ച് വിട്ടതുമെല്ലാം ഇന്നലെയെന്നോണം താന്‍ ഓര്‍ക്കുന്നുവെന്നും വിജയ് സേതുപതി പറയുന്നു. ' കഷ്ടപ്പാടും ദുരിതവുമാണ് യൗവ്വനകാലത്തെന്ന് ആളുകള്‍ പറയും. ആ ചോദ്യം പലവട്ടം ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. അതെല്ലാം യാഥാര്‍ഥ്യമാണ്. കടക്കാര്‍ വീട്ടില്‍ വന്ന് കാത്തിരിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. പണം തിരികെ ചോദിച്ച് വരുമ്പോള്‍ അച്ഛനൊപ്പമിരുന്ന്  പ്രശ്നം പരിഹരിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് രാത്രി ഒന്‍പതരയാകുമ്പോള്‍ അച്ഛന്‍ വീട്ടിലേക്കെത്തും . ബുള്ളറ്റ് മുറ്റത്ത് വച്ച് അകത്തേക്ക് കയറും. കൈയ്യില്‍ അല്‍പം ഫ്രൈഡ് റൈസുണ്ടാകും, അന്നത്തെ അത്താഴം അതാണ്. അതൊന്നും മറക്കാന്‍ പറ്റില്ല'- വിജയ് സേതുപതി ഓര്‍ത്തെടുത്തു. 

പഠനകാലത്ത് താന്‍ അത്ര മിടുക്കനൊന്നും അല്ലായിരുന്നുവെന്നും ശരാശരിയിലും താഴെയായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. സ്പോര്‍ട്സിലോ, മറ്റ് കലാപരിപാടികളിലോ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സെയില്‍സ്മാനായും തട്ടുകടയിലെ കാഷ്യറായും ഫോണ്‍ ബൂത്തിലെ ഓപറേറ്ററായുമെല്ലാം ജോലി ചെയ്താണ് പഠനകാലം കഴിച്ചത്. പിന്നീട് കൊമേഴ്സില്‍ ബിരുദം നേടി, ഡിഗ്രി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സിമന്‍റ് കമ്പനിയില്‍ അക്കൗണ്ടന്‍റായി ദുബായിലേക്ക് ചേക്കേറി. തിരിച്ച് ഇന്ത്യയില്‍ വന്ന ശേഷമാണ് അഭിനയ ലോകത്തേക്ക് താനെത്തുന്നതെന്നും വിജയ് സേതുപതി പറയുന്നു. മിഷ്കിന്‍റെ സംവിധാനത്തിലെത്തുന്ന ട്രെയിനാണ് വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും  പുതിയ ചിത്രം. സ്​ലംഡോഗ്, അരസന്‍ എന്നീ ചിത്രങ്ങളും അണിയറയിലാണ്.

ENGLISH SUMMARY:

Tamil cinema superstar Vijay Sethupathi recently shared a poignant look into his past on the "Truly Ram" podcast, revealing the immense hardships he and his family faced before his rise to fame. Recalling his youth, the actor spoke candidly about his family dealing with persistent creditors and the daily struggles of meeting basic needs. Despite his current status as a celebrated performer, Sethupathi emphasized that cinema was not his original dream; he was primarily driven by the need to work, having taken up jobs as a daily wage laborer, telephone booth operator, salesman, and accountant in Dubai. These experiences, he notes, continue to shape his decision-making process even today. As he prepares for the release of his upcoming film Train, directed by Mysskin, Sethupathi’s story serves as a powerful testament to resilience, grounding his cinematic success in the stark realities of his past.