ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മഹാരാഷ്ട്ര നാസിക്കില്‍ ഒരു വിദ്യാര്‍ഥി അറസ്റ്റിലായി. നന്ദ്ഗാവ് സ്വദേശിയായ ബിഎഎംഎസ് വിദ്യാര്‍ഥി ശുഭം ഖൈര്‍നാനാണ് അറസ്റ്റിലായത്. പൊലീസിനെ വെട്ടിക്കാന്‍ പ്രതി രൂപമാറ്റം വരുത്തിയിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യപേപ്പര്‍ ഇടപാട് ടെലഗ്രാം വഴിയെന്നും 10 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍ വാങ്ങി 15 ലക്ഷത്തിന് വിറ്റു എന്നും സ്ഥിരീകരിച്ചു. വിറ്റ ചോദ്യപേപ്പറാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എഫ്ഐആറിട്ട് സിബിഐ അന്വേഷണം ആരംഭിച്ചു.അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 45 പേര്‍ കസ്റ്റഡിയിലാണ്.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി റദ്ദാക്കി. പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും. ചോദ്യപേപ്പർ ചോർച്ച കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണം ആരംഭിച്ചു. മെയ് മൂന്നിന് 23 ലക്ഷം വിദ്യാർഥികൾ എഴുതിയ നിറ്റ് യുജി പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്. തുടർപഠനത്തെ ബാധിക്കാതെ വീണ്ടും പരീക്ഷ നടത്തുമെന്നുമെന്നും വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഫീസ് തിരിച്ചു നൽകുമെന്നും പരീക്ഷ നടത്തിപ്പ് ഏജൻസിയായ എന്‍ടിഎ അറിയിച്ചു.
വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയും സുതാര്യത ഉറപ്പാക്കാനുമാണ് പരീക്ഷ റദ്ദാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദികരിച്ചു. സർക്കാരും അഴിമതി നിറഞ്ഞ സംവിധാനങ്ങളും യുവാക്കളുടെ ഭാവി തകർത്തെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഡൽഹിയിൽ പ്രതിഷേധിച്ച എന്‍എസ്‌യു, എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
രാജസ്ഥാനിലും ഉത്തരാഖണ്ഡിലും പരീക്ഷയ്ക്ക് 42 മണിക്കൂർ മുമ്പ് വാട്സാപ്പിലൂടെ പ്രചരിച്ച ഗെസ് പേപ്പറിലെ 135 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലുണ്ടായി എന്ന രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന ചുരു സ്വദേശി അടക്കം മഹാരാഷ്ട്ര, ഹരിയാന, ബീഹാർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നായി 45 പേരെ രാജസ്ഥാൻ പോലീസ് പിടികൂടി.
നന്ദ്ഗാവ് സ്വദേശിയായ ശുഭം ഖൈർനാർ എന്ന ബിഎഎംഎസ് വിദ്യാർത്ഥി ടെലഗ്രാം വഴി 10 ലക്ഷത്തിന് ചോദ്യപേപ്പർ വാങ്ങി 15 ലക്ഷത്തിന് മറിച്ചുവിറ്റു എന്നാണ് കണ്ടെത്തൽ. കേസ് ഏറ്റെടുത്ത സിബിഐ ഗൂഢാലോചനയും അന്തർ സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണം എന്നും എബിവിപി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രാലയത്തിന് ചുറ്റും കൂടുതൽ സേനയെ വിന്യസിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുരക്ഷ ശക്തമാക്കി.