കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന പ്രതി പോലീസ് സ്റ്റേഷന്‍ ലോക്കറിന്റെ താക്കോല്‍ വിഴുങ്ങി. ബെംഗളൂരു മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം. താക്കോല്‍ പുറത്തുവരാനായി പൊലീസ് പ്രതിക്ക് 10കിലോ പഴമാണ് വാങ്ങി നല്‍കിയത്.  

ഗംഗോണ്ടനഹള്ളിയില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായ കേസുമായി ബന്ധപ്പെട്ടാണ് രാമു എന്ന കാര്‍ത്തികിനെ പൊലീസ് പിടികൂടിയത്. സ്റ്റേഷനില്‍ ചോദ്യംചെയ്യല്‍ തുടരുകയായിരുന്നു. ഇതിനിടെ അല്‍പനേരത്തേക്ക് മാറിയ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ ലോക്കറിന്റെ താക്കോലെടുത്ത് വിഴുങ്ങിയത്. 

പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞതിനു പിന്നാലെയായിരുന്നു ഇയാളുടെ പ്രവൃത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രതിയെ മൂന്ന് ദിവസമായി പൊലീസ് സംരക്ഷണയില്‍ ആശുപത്രിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താക്കോല്‍ പുറത്തുവരാനായി പത്ത് കിലോ പഴമാണ് പൊലീസ് ഇയാള്‍ക്ക് കഴിക്കാനായി നല്‍കിയത്. മൂന്നാംദിവസം താക്കോല്‍ പുറത്തുവന്നതായി പൊലീസ് അറിയിച്ചു. 

കാണാതായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

Accused Swallows Police Locker Keys in Bengaluru Kidnapping Case:

A suspect in a child kidnapping case swallowed the keys to a police station locker in Bengaluru, Karnataka. The police provided him with 10 kilograms of fruit to help the keys pass naturally.