കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. 20 യാത്രക്കാര്‍ക്ക് പരുക്കുണ്ട്. ഇതില്‍ നാലുപേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് യാത്ര പുറപ്പെട്ട KL 15 A 1963 എന്ന ബസാണ് കര്‍ണാടകയിലെ ബിഡദിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മിഥിലേഷ്, കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍.എം.അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.
ബെംഗളൂരൂ–മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ വച്ച് നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കനത്ത മഴയുണ്ടായിരുന്നുവെന്നും ബസ് സാമാന്യം നല്ല വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു. കണ്ടക്ടര്‍ അരുണ്‍കുമാര്‍ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഡ്രൈവര്‍ മിഥിലേഷ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.