പെരമ്പൂരിലും തൃശിനാപ്പള്ളി ഈസ്റ്റിലും വിജയിച്ച ടിവികെ നേതാവ് വിജയ് ട്രിച്ചി മണ്ഡലം ഒഴിയും. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്കിടെ ടിവികെ ട്രിച്ചിയില്‍ പുതിയ സ്ഥാനാര്‍ഥിയെക്കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ്. നടി തൃഷ ട്രിച്ചിയില്‍ സ്ഥാാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പലവഴി പ്രചരിച്ചിരുന്നു. എന്നാല്‍ തൃഷയല്ല പകരം മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ യു.സഗായമാകും ട്രിച്ചിയില്‍ വിജയ്‍ക്ക് പകരക്കാരനാകുക എന്നാണ് വിവരം.
53,715 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയ് പെരമ്പൂരില്‍ ഡിഎംകെ സ്ഥാനാര്‍ഥി ആര്‍.ഡി.ശേഖറിനെ തോല്‍പ്പിച്ചത്. ട്രിച്ചിയില്‍ 27,416 വോട്ടുകള്‍ക്ക് ഡിഎംകെയുടെ ഇനിഗോ ഇരുദയരാജിനെയും പരാജയപ്പെടുത്തി. 234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടി ടിവികെ ഏറ്റവും വലിയ കക്ഷിയാവുകയും ചെയ്തു. കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസുമായും അണ്ണാ ഡിഎംകെയുമായും ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനിടെയാണ് ട്രിച്ചിയില്‍ യു.സഗായത്തിന്‍റെ പേര് സജീവ ചര്‍ച്ചയായത്.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ശ്രദ്ധേയനാണ് യു.സഗായം. തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സഗായം 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെയില്‍ 25 തവണയിലേറെ സ്ഥലംമാറ്റപ്പെട്ടിട്ടുണ്ട്. സ്വന്തം ബാങ്ക് ബാലൻസും സ്വത്തുവിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിയ തമിഴ്‌നാട്ടിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന സഗായം. സ്വന്തം ഓഫീസിനു മുന്നില്‍ ‘അഴിമതി നിരോധിക്കുക, തല ഉയര്‍ത്തി നില്‍ക്കുക’ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 1964ല്‍ പുതുക്കോട്ടൈയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് സഗായത്തിന്റെ ജനനം.
മധുര കലക്ടറായിരിക്കെ,16,000 കോടി രൂപയുടെ അനധികൃത ഗ്രാനൈറ്റ് ഖനനം പുറത്തുകൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മധുരയിൽ വോട്ടർമാർക്ക് പണം നൽകുന്നതിനെതിരെ കർശന നടപടികൾ സ്വീകരിച്ചതിലൂടെയും സഗായം ശ്രദ്ധേയനായി. സത്യസന്ധതയും ലാളിത്യവും കൈമുതലാക്കിയ സഗായത്തെ ‘ജനങ്ങളുടെ കലക്ടര്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2021-ൽ അദ്ദേഹം സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിച്ചു. പിന്നീട് സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായി. ടിവികെയുടെ സ്ഥാനാര്‍ഥിയായി ട്രിച്ചി ഉപതിരഞ്ഞെടുപ്പിലൂടെ തമിഴ്നാട് സര്‍ക്കാറില്‍ സുപ്രധാന പങ്കു വഹിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.