annamalai-speaking

TOPICS COVERED

തമിഴ്‌നാട് രാഷ്ട്രീയം നിലവില്‍ ഉറ്റുനോക്കുന്നത് അണ്ണാമലൈയുടെ അടുത്ത നീക്കമെന്തെന്നാമ്? ബിജെപി വിടുമെന്ന വാർത്തകളും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളും തമിഴ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തിയായി പ്രചരിക്കുന്നുണ്ട്. ഇതേസമയം നാളെ തന്‍റെ അനുയായികളെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുകയാണ് അണ്ണാമലൈ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സോഷ്യൽ മീഡിയ ലൈവിലൂടെ തന്‍റെ അനുയായികളെ അഭിസംബോധന ചെയ്യുമെന്നാണ് എക്‌സ് ഹാൻഡിലിലൂടെ അണ്ണാമലൈ പ്രഖ്യാപിച്ചിരിക്കുന്നത്. 

‘നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെ സോഷ്യൽ മീഡിയ ലൈവിലൂടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ചിന്തകൾ പങ്കുവെക്കാനും നിങ്ങളുമായി തുറന്നൊരു സംഭാഷണം നടത്താനും ഞാൻ കാത്തിരിക്കുന്നു’ എന്നാണ് അണ്ണാമലൈ കുറിച്ചത്. തന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താണെന്ന് അണ്ണാമലൈ നാളെയോടെ വ്യക്തമാക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് അദ്ദേഹം തുടക്കമിടുമോ എന്ന് കണ്ടുതന്നെ അറിയണം.

തമിഴ്‌നാട്ടിൽ ബിജെപി സ്വന്തം നിലയിൽ വളരണമെന്നായിരുന്നു അണ്ണാമലൈയുടെ ആഗ്രഹം. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കാനും അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ബിജെപി വച്ചുനീട്ടിയ രാജ്യസഭാ സീറ്റ് അദ്ദേഹം നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അണ്ണാമലൈ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിടാൻ ബിജെപി തയ്യാറാകാതിരുന്നതുമാണ് അഭ്യൂഹങ്ങള്‍ക്ക് കരുത്തേകിയത്.

തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളും അണ്ണാമലൈയുടെ പുതിയ നീക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. നടൻ വിജയ് പുതിയ പാർട്ടി രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വൻ വിജയം നേടി മുഖ്യമന്ത്രിയായത് ദ്രാവിഡ പാർട്ടികളുടെ കുത്തക പൊളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ അണ്ണാമലൈയ്ക്കും അദ്ദേഹത്തിന്റെ അനുയായികൾക്കും നൽകുന്നുണ്ട്. 

തമിഴ്‌നാട്ടിലുടനീളമുള്ള യുവാക്കള്‍ക്ക് നേതൃത്വ പരിശീലനം നൽകി ഒരു വലിയ 'ജനകീയ മുന്നേറ്റം' നടത്താന്‍ അണ്ണാമലൈ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ മുന്നേറ്റം പിന്നീട് ഒരു രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യാനാണ് നീക്കം. നിലവിൽ അണ്ണാമലൈ നടത്തുന്ന 'വി ദി ലീഡേഴ്‌സ്' എന്ന എൻജിഒ ആയിരിക്കും ഈ പുതിയ ജനകീയ മുന്നേറ്റത്തിന്റെ അടിസ്ഥാനമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, അണ്ണാമലൈ ബിജെപി വിട്ടെന്ന വാർത്തകൾ തള്ളി തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഇന്ന് രംഗത്തെത്തിയിരുന്നു. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആരോടും സംസാരിച്ചിട്ടില്ലെന്നും നാഗേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അണ്ണാമലൈയുടെ ജന്മദിനമായ ഇന്ന് (ജൂണ്‍ 4) ആശംസകൾ നേർന്നുകൊണ്ടായിരുന്നു നൈനാർ നാഗേന്ദ്രന്‍റെ പ്രതികരണം.

ENGLISH SUMMARY:

Speculation is rife in Tamil Nadu politics as former BJP State Unit President K. Annamalai announced a crucial social media live session scheduled for Friday at 12 noon. Taking to X, Annamalai expressed his eagerness to have an open, heart-to-heart conversation with his followers, which many believe will unveil his future political trajectory. National media reports indicate that the former IPS officer has already tendered his resignation to the BJP central leadership, driven by discontent over being sidelined during the 2026 assembly alliance with the AIADMK. Inspired in part by actor Vijay’s recent seismic electoral breakthrough with his new regional party, Annamalai is reportedly planning to channel his ambitions independently. Sources close to the leader reveal that he intends to launch a massive youth-centric people's movement structured around his existing NGO, "We The Leaders Foundation," which will eventually transition into a new regional political party.