രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസ്യത തകരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. 2011ൽ വോട്ടെടുപ്പ് കഴിഞ്ഞ്  ഇവിഎമ്മുകൾ സ്ട്രോങ്ങ് റൂമുകളിൽ എത്തിച്ചാൽ കേന്ദ്ര സായുധ സേന ആയിരുന്നു കാവൽ നിന്നിരുന്നത്. എന്നാൽ ഇന്ന് വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കാവൽ നിൽക്കുന്ന കേന്ദ്ര സേനയ്ക്ക് മുന്നിൽ കാവലിരിക്കേണ്ട ഗതികേടാണെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു. 

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വ്യാപകമായി ഇവിഎമ്മുകൾ തകരാറിലായതിനെ കുറിച്ച് സംസാരിക്കുവേ ആയിരുന്നു മഹുവയുടെ പ്രതികരണം. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിൽ കാണിച്ച ആവേശത്തിന്റെ പകുതിയെങ്കിലും വോട്ടിങ് യന്ത്രങ്ങൾ പിഴവില്ലാതെ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ കമ്മീഷൻ കാണിക്കണമായിരുന്നുവെന്നും അവർ പറഞ്ഞു. 

തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ നൂറ്റമ്പതിലധികം യന്ത്രങ്ങൾ തകരാറിലായതായി നേരത്തെ തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാത്രം സൂപ്പർവൈസർമാരായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തില്‍ കോടതി ഇടപെട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കുലര്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയോ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും നിയമിക്കാം. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം തടയാന്‍ ആവില്ലെന്നായിരുന്നു സുപ്രീംകോടതി നിലപാട്. സംസ്ഥാന സർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണെന്നും തൃണമൂൽ ആരോപിച്ചിരുന്നു. 

ENGLISH SUMMARY:

Mahua Moitra, an MP from the Trinamool Congress, has raised concerns about the declining credibility of India's election process, citing EVM malfunctions. She criticized the Election Commission's handling of voting machine security and the transfer of police officials, suggesting a lack of focus on ensuring error-free voting.