നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു നാലു രാത്രികൾ ബാക്കിനിൽക്കെ കൊൽക്കത്തയിൽ നാടകീയ രംഗങ്ങൾ. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങൾ തുറക്കാന്‍ ശ്രമമെന്ന് ഭരണകക്ഷിയായ ടി.എം.സി. ആരോപിച്ചു. സ്ട്രോങ് റൂമിനുമുന്നില്‍ സംഘര്‍ഷം ഉടലെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം കണ്ടെന്നാണ് നേതാക്കളുടെ വാദം. സ്ട്രോങ് റൂം പരിസരത്ത് സംഘര്‍ഷാന്തരീക്ഷമുണ്ടായി. മമത ബാനര്‍ജി പ്രതിഷേധസ്ഥലത്തെത്തി

 

അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ ആരോപണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിഷേധിച്ചു. ഇ.വി.എമ്മും പോസ്റ്റല്‍ ബാലറ്റും വ്യത്യസ്തറൂമുകളിലാണെന്നും നടന്നത് പോസ്റ്റല്‍ ബാലറ്റ് വേര്‍തിരിക്കുന്ന നടപടിയെന്നും കമ്മിഷന്‍ വിശദീകരിച്ചു. രാഷ്ട്രീയപാര്‍ട്ടികളെ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. തൃണമൂൽ കോൺഗ്രസും മമത ബാനർജിയും തോൽവി സമ്മതിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ പറഞ്ഞു. 

 

ബെലേഘട്ട മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി കുനാൽ ഘോഷും പാർട്ടി നേതാവ് ശശി പഞ്ജയും കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിനു പുറത്ത് ധർണ ആരംഭിച്ചതോടെയാണ് തർക്കം രൂക്ഷമായത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേർന്ന് സ്ട്രോങ് റൂം തുറന്നുവെന്നാണ് ഇവരുടെ ആരോപണം.‍‌

 

‘‘വൈകിട്ട് 3.30 വരെ ഞങ്ങളുടെ പ്രവർത്തകർ ഇവിടെയുണ്ടായിരുന്നു. പെട്ടെന്ന് 4 മണിക്ക് സ്ട്രോങ് റൂം വീണ്ടും തുറക്കുമെന്ന് കാണിച്ച് ഒരു ഇമെയിൽ വന്നു. പ്രവർത്തകർ മടങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. ഞങ്ങൾ ഉടൻ സ്ഥലത്തെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. എന്നാൽ ബിജെപി പ്രതിനിധികളെ അകത്തേക്ക് ക്ഷണിക്കുന്നുമുണ്ടായിരുന്നു’’– കുനാൽ ഘോഷ് പറഞ്ഞു. സ്ട്രോങ് റൂമിനുള്ളിൽ ബാലറ്റ് പേപ്പറുകൾ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. സ്ട്രോങ് റൂമുകൾക്ക് കാവലിരിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയ മമത, ആവശ്യമെങ്കിൽ താൻ നേരിട്ട് കാവലിരിക്കുമെന്നും വോട്ടെണ്ണൽ ഹാളിലേക്ക് നേരിട്ട് പോകുമെന്നും വ്യക്തമാക്കി. കംപ്യൂട്ടറിലെ ഡാറ്റ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്നും വിജയം ഉറപ്പിക്കുന്നത് വരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിടരുതെന്നും അവർ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.

 

ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിൽ കടുത്ത പോരാട്ടമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. മാട്രിസ്, പി-മാർക്ക് തുടങ്ങിയ ഏജൻസികൾ ബിജെപിക്ക് മുൻതൂക്കം നൽകുമ്പോൾ, ബിജെപി 192 സീറ്റുകൾ വരെ നേടി വൻ വിജയം കൊയ്യുമെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നാണ് പീപ്പിൾസ് പൾസ് നൽകുന്ന സൂചന.

ENGLISH SUMMARY:

TMC EVM allegations are at the center of a political controversy in Kolkata, with the party claiming unauthorized access to voting machines in the strong room. This has led to dramatic scenes and protests ahead of the West Bengal assembly election vote counting.