ബംഗാളില്‍, വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സുപ്രീംകോടതിയില്‍ തിരിച്ചടി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തില്‍ കോടതി ഇടപെട്ടില്ല. സംസ്ഥാനത്ത് 15 ബൂത്തുകളില്‍ റീ പോളിങ് പുരോഗമിക്കുന്നു. ഫാല്‍ട്ടയിലെ റീപോളിങ്ങില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏപ്രില്‍ 13 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയോ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയോ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും നിയമിക്കാം. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം തടയാന്‍ ആവില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്.നരസിംഹയും ജോയ്മല്യബാഗ്‌ചിയും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വേര്‍തിരിക്കേണ്ടതില്ലെന്നും കോടതി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നതിന് എതിരല്ലെന്നും അനുപാതം പാലിക്കണം എന്നും തൃണമൂലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഒരു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെയും ഒരു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനെയും നിയമിക്കുന്നതാണ് ശരിയെന്നും സിബല്‍.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി.എസ്. നായിഡു ഉറപ്പുനല്‍കി. ഇതോടെ സര്‍ക്കുലറില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. വീണ്ടും വോട്ടെടുപ്പ് നടക്കുന്ന മഗ്രഹത്ത് പശ്ചിനിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലും മികച്ച പോളിങ് ആണ്. സ്ട്രോങ് റൂമുകളുടെ സുരക്ഷ സംബന്ധിച്ച് തൃണമൂലും ബി.ജെ.പിയും പരാതി ഉന്നയിച്ചു. കൊൽക്കത്ത, ജൽപായ്ഗുരി മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളില്‍ സി.സി.ടി.വി ഇടയ്ക്കിടെ ഓഫാകുന്നു എന്ന് തൃമണൂല്‍ കോണ്‍ഗ്രസ് പരാതിപ്പെട്ടു. ബിധാന്‍നഗര്‍ മണ്ഡലത്തിലെ സ്ട്രോങ് റൂമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നെന്ന് ബി.ജെ.പിയും ആരോപിച്ചു. വോട്ടെണ്ണല്‍ ദിനത്തിലെ ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ടി.എം.സിയും ബി.ജെ.പിയും ഇന്ന് യോഗം ചേരും.