ഡല്‍ഹിയിലെ വിദ്യാർഥി പ്രക്ഷോഭകർക്കെതിരെയുള്ള പോലീസ് നടപടിക്കെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഈ ആവശ്യം നിരസിച്ചത്.
പൊലീസ് ക്രൂരത തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ പറഞ്ഞപ്പോൾ തങ്ങൾക്ക് വിഡിയോകളിൽ താല്പര്യമില്ല, അത് കാണാൻ സമയമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. അടിയന്തിര വാദം കേൾക്കണമെന്ന ആവശ്യം തള്ളി. അഭിഭാഷകൻ പറയുന്നത് പൂർത്തിയാക്കുന്നതിന് മുൻപ് ചീഫ് ജസ്റ്റിസ് 'വളരെ നന്ദി' എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. ജോലിയില്ലാത്ത മാധ്യമപ്രവര്‍ത്തകരും യുവാക്കളും പാറ്റകളും പരാദജീവികളുമാണെന്ന ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമര്‍ശമാണ് കോക്റോച്ച് ജനത പാര്‍ട്ടിയുടെ രൂപീകരണത്തിന് കാരണമായത് എന്നതും ശ്രദ്ധേയമാണ്.
ഇതിന് തലേദിവസം ഡൽഹി ഹൈക്കോടതിയും ഇതേ വിഷയത്തിൽ അടിയന്തിര വാദം കേൾക്കാൻ വിസമ്മതിച്ചിരുന്നു. 'കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്,' എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.