സ്ത്രീയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുന്നതും നെഞ്ചിൽ സ്പര്‍ശിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന പട്‌ന ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇത്തരം വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് സമഗ്രമായ പരിശോധന ഉണ്ടാവുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കുറ്റപ്പെടുത്തി. ലൈംഗിക കുറ്റകൃത്യ കേസുകളിലെ ജുഡീഷ്യൽ സമീപനങ്ങൾ പരിശോധിക്കാന്‍ സ്വമേധയാ എടുത്തകേസില്‍ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗം ബെഞ്ചിന്‍റെ പ്രതികരണം.
വിഷയത്തിൽ ജഡ്ജിമാർക്ക് ബോധവത്കരണം നൽകണമെന്ന് നിർദേശിച്ചുള്ള സുപ്രീംകോടതിയുടെ മുൻ വിധി പട്‌ന ഹൈക്കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നോ എന്ന് ജസ്റ്റിസ് വി. മോഹന ചോദിച്ചു. പട്‌ന ഹൈക്കോടതിയുടെ ഉത്തരവ് പരാമർശിച്ചുകൊണ്ട്, ഇത്തരം വിഷയങ്ങളിൽ ഗവേഷണം നടത്തേണ്ട ഉത്തരവാദിത്വം ജഡ്ജിമാർക്കുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിയുടേയും എല്ലാ ഹൈക്കോടതികളുടേയും വെബ്‌സൈറ്റുകളിൽ അപ്ലോഡ് ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടു. കോടതികളെല്ലാം റിപ്പോർട്ടിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ നിർദേശങ്ങൾ അടങ്ങിയ ഹാൻഡ്ബുക്കുകൾ പിന്തുടരാൻ സംസ്ഥാനങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകണം. ഇതുമായി ബന്ധപ്പെട്ട് വിശദമായ വിധിന്യായം പിന്നീട് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അടുത്തിടെ പട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി മുതിർന്ന അഭിഭാഷക ശോഭ ഗുപ്തയാണ് ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത് ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ സമാന സ്വഭാവത്തിലുള്ള നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
കഴിഞ്ഞ ജൂലൈ 9 നാണ് പട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിൽ, ഒരു സ്ത്രീയുടെ സൽവാർ ഊരിമാറ്റുന്നതും നെഞ്ചിൽ അമർത്തുന്നതും ബലാത്സംഗ ശ്രമമല്ലെന്ന് പറഞ്ഞത്. ബലാത്സംഗ ശ്രമ കേസിലെ പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് പട്‌ന ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.