ഭാര്യയ്ക്ക് മൂന്ന് അവിഹിതമുണ്ടെന്ന് ആരോപിച്ച് 36കാരനായ ടെക്കിയുവാവ് ജീവനൊടുക്കി.19 പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഹൈദരാബാദിലാണ് സംഭവം. യുവാവിന്റെ ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തന്റെ ഭാര്യ രേണുകയ്ക്ക് മൂന്ന് കാമുകന്‍മാരുണ്ടെന്നും ദാമ്പത്യജീവിതം നശിച്ചെന്നും ആരോപിച്ചാണ് സീതാറാം എന്ന യുവാവ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭാര്യ ഈ മൂന്ന് കാമുകന്‍മാരുമായി ബന്ധം തുടരുന്നുണ്ടെന്നും സീതാറാം ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.
കാമുകന്‍മാരിലൊരാള്‍ രേണുകയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതായും ടെക്കി പറയുന്നു. രമണ എന്നുപേരായ ഉപയോക്താവാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ചാടിയാണ് സീതാറാം ജീവനൊടുക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഭാര്യയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച് താനറിഞ്ഞതെന്നും അങ്ങേയറ്റം മാനസിക സമ്മര്‍ദ്ദത്താലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറയുന്നു. താനില്ലാത്ത ദിവസങ്ങളില്‍ കാമുകന്‍മാരിലൊരാള്‍ പലതവണ വീട്ടില്‍ വന്നുപോയതായും സീതാറാം ആരോപണം ഉയര്‍ത്തുന്നു. ഭാര്യയെ അങ്ങേയറ്റം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടും താന്‍ ചതിക്കപ്പെട്ടതായി സീതാറാം പറയുന്നു.
ടെക്കി കുറിപ്പില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയും ഉന്നയിച്ച ആരോപണങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളും ഉള്‍പ്പെടെ അന്വേഷണത്തിന്റെ ഭാഗമായി സൂക്ഷ്മമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.