പഞ്ചാബ് പട്യാലയിൽ ട്രെയിൻ അട്ടിമറിക്കായി സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടി ഒരാൾ കൊല്ലപ്പെട്ടു. രാജ്പുര– ശംഭു റൂട്ടിലെ ട്രാക്കിലാണ് സ്ഫോടനം. ട്രാക്കിൽ സ്ഫോടകവസ്തു സ്ഥാപിക്കുന്നതിനിടെയാണ് മരണമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. സ്ഫോടനത്തെ തുടർന്ന് പഞ്ചാബിലും അയൽ സംസ്ഥാനമായ ഹരിയാനയിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. 

ചരക്ക് ട്രെയിനുകൾക്കായുള്ള റെയിൽവേ ട്രാക്കിന് (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (ഡിഎഫ്‌സി) സമീപമാണ് തിങ്കളാഴ്ച രാത്രി 9 മണിയോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ശരീരഭാഗങ്ങൾ പലഭാഗത്തുനിന്നായാണ് കണ്ടെത്തിയത്. മരിച്ചയാൾ പഞ്ചാബിലെ താന്‍ തരണില്‍ നിന്നുള്ള വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍  ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്ഫോടനത്തിൽ ട്രാക്കിന് ചില കേടുപാടുകൾ സംഭവിച്ചതായും പോലീസ് പറഞ്ഞു. 

സംഭവസ്ഥലത്തു നിന്ന് വയറുകൾ, സ്ഫോടകവസ്തുക്കൾ, കേടായ ഒരു മൊബൈൽ ഫോൺ എന്നിവയുൾപ്പെടെ ഒട്ടേറെ വസ്തുക്കൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചുവരികയാണ്. സിഐഎ യൂണിറ്റ്, ഫോറൻസിക് വിദഗ്ധർ, ബോംബ് നിർമാർജന സ്ക്വാഡ് എന്നിവയുൾപ്പെടെ ഒന്നിലധികം സംഘങ്ങള്‍ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലെത്തി തകർന്ന ഭാഗം വേഗത്തില്‍ നന്നാക്കുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. തെളിവുകൾ ശേഖരിക്കുന്നതിനും ട്രാക്ക് അറ്റകുറ്റപ്പണികൾക്കുമായി നിർദ്ദിഷ്ട ഇടനാഴിയിലെ ചരക്ക് നീക്കം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം, പഞ്ചാബിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈ വർഷം ജനുവരിയിൽ ഫത്തേഗഡ് സാഹിബിലെ സിർഹിന്ദിലെ ഖാൻപൂർ ഗ്രാമത്തിനടുത്തുണ്ടായ സ്ഫോടനത്തിൽ ട്രാക്കിന് കേടുപാടുകൾ സംഭവിക്കുകയും ഒരു ഗുഡ്സ് ട്രെയിൻ എന്‍ജിന്‍ പാളം തെറ്റുകയും ലോക്കോ പൈലറ്റിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബിനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കും ഇടയിലുള്ള സുപ്രധാന ചരക്ക് വിതരണ ശൃംഖലയെ ലക്ഷ്യം വച്ചുള്ള ഏകോപിത അട്ടിമറി ശ്രമത്തിന്റെ സാധ്യതയും അന്വേഷിക്കുന്നുണ്ട്. അതേസമയം, അംബാല കന്റോൺമെന്റ്, രാജ്പുര, പട്യാല എന്നിവയുൾപ്പെടെ മേഖലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A suspected sabotage attempt on the Dedicated Freight Corridor (DFC) in Punjab's Patiala resulted in a fatal explosion, killing one person believed to be the perpetrator. The blast occurred on the Rajpura-Shambhu route on Monday night, causing minor damage to the tracks. Forensic teams recovered wires, explosives, and a mobile phone from the site. Authorities have issued a high alert in Punjab and Haryana as this marks the second such attack on the freight corridor in three months.