ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ബര്‍ത്തിലിരുന്ന് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന നടത്തി യാത്രക്കാരന്‍. എസി കംപാര്‍ട്ട്മെന്റിലിരുന്ന് എണ്ണയൊഴിച്ച് വിളക്ക് കൊളുത്തി പൂജനടത്തുന്ന ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. വിളക്കിന് പുറമെ ചന്ദനത്തിരികൂടി കത്തിച്ചപ്പോള്‍ കംപാര്‍ട്ട്മെന്റിലാകെ പുകയുയരാന്‍ തുടങ്ങി. പുകയുയര്‍ന്നതോടെ പരിഭ്രാന്തരായ മറ്റ് യാത്രക്കാര്‍ ഇയാളെ വിലക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ മറ്റു യാത്രക്കാര്‍ പ്രതിഷേധിച്ചിട്ടും യാതൊരു കൂസലുമില്ലാതെയാണ് ഇയാള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നത്. വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാത്രമാണ് വിളക്ക് അണയ്ക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. സാധാരണയായി കോച്ചുകളില്‍ പുകയുയരുമ്പോള്‍ കോച്ചുകളുടെ ഓട്ടോമേറ്റഡ് സ്മോക്ക് ഡിറ്റക്ടറുകള്‍ വേഗത്തില്‍ പ്രവർത്തനക്ഷമമാവുകയും ട്രെയിനിന്റെ അടിയന്തര ബ്രേക്കിങ് സിസ്റ്റം സജീവമാകുകയും ചെയ്യും. മാത്രമല്ല എസി കോച്ചുകളിലുള്ള സിന്തറ്റിക് ബെഡ്ഡിങ്, കർട്ടനുകൾ, അപ്ഹോൾസ്റ്ററി എന്നിവ അതിവേഗം കത്തുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ അപകടം വിളിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
വീഡിയോ വൈറലായതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പിന്നാലെ റെയിൽവേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റെയിൽവേ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പരാതി പരിഹാര ഏജൻസിയായ റെയിൽവേ സേവ അന്വേഷണത്തിനായി ട്രെയിൻ നമ്പർ, സംഭവം നടന്ന തിയതി, പിഎൻആർ തുടങ്ങിയ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. യാത്രക്കാർക്ക് railmadad.indianrailways.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി നേരിട്ട് പരാതികൾ റജിസ്റ്റർ ചെയ്യാമെന്നും ഹാൻഡിൽ വ്യക്തമാക്കി.
യാത്രക്കാരനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വ്യക്തിപരമായ വിശ്വാസം ഒരിക്കലും പൊതു സുരക്ഷയെ തകര്‍ക്കുന്നവയാകരുതെന്നും ഇത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നുമാണ് കമന്‍റുകള്‍.