പ്രതീകാത്മക ചിത്രം
ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ചു. വടക്കുപടിഞ്ഞാറ് ഡല്‍ഹിയിലെ സുലഭ് ടോയ്‌ലറ്റ് കോംപ്ലക്സിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കോംപ്ലക്സില്‍ നിന്നും ഒരു ഫോണ്‍കോള്‍ പൊലീസിനു ലഭിക്കുന്നത്. കോംപ്ലക്സിലെ മെട്രോ സ്റ്റേഷന്‍റെ അടച്ചിട്ട ശുചിമുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്നായിരുന്നു വിവരം.
ഉടന്‍ തന്നെ സ്ഥലത്തേക്ക് പൊലീസ് പാഞ്ഞെത്തി. ശുചിമുറിയുടെ വാതില്‍ തകര്‍ത്തപ്പോള്‍ അകത്ത് തൂങ്ങിയ നിലയില്‍ ഒരു 40കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശുചിമുറി സൗകര്യങ്ങള്‍ നോക്കി നടത്തുന്ന ജീവനക്കാരനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തില്‍ കണ്ടെത്താനായത്. രണ്ടു ദിവസം മുന്‍പ് ഇയാളെ കണ്ടിരുന്നതായി സമീപസ്ഥലത്തുള്ളവര്‍ പറഞ്ഞു.
പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബാബു ജഗ്ജീവന്‍ റാം മെമോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. മെട്രോ സ്റ്റേഷന്‍ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയാണ് പൊലീസ്. മരണകാരണമുള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം.