ഉത്തര്‍പ്രദേശിലെ ബുലന്ദ്‍ശഹറില്‍ പിറന്നാള്‍ ആഘോഷത്തിനെത്തിയ മൂന്നുപേരെ വെടിവച്ചുകൊന്ന് ബെര്‍ത്ഡേ ബോയ്. മുഖത്ത് കേക്ക് തേച്ചതില്‍ കലിപൂണ്ടാണ് കൂട്ടക്കൊല നടത്തിയത്. കൊല്ലപ്പെട്ട മൂന്നുപേര്‍ക്കും 23 വയസ് മാത്രമാണ് പ്രായം. വെടിവയ്പ്പുനടത്തിയ ജീത്തു സെയ്നിയും സംഘവും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍ നടത്തിവരികയാണെന്ന് ബുലന്ദ്‍ശഹര്‍ റൂറല്‍ എസ്.പി അന്തരീക്ഷ് ജെയിൻ അറിയിച്ചു.

ബുലന്ദ്ശഹറിലെ അറിയപ്പെടുന്ന ജിം ട്രെയിനറാണ് ജീത്തു സെയ്നി. ശനിയാഴ്ച ഇയാളുടെ പിറന്നാളായിരുന്നു. ജിമ്മില്‍ വച്ച് ജീത്തു പിറന്നാളാഘോഷം സംഘടിപ്പിച്ചു. ജീത്തുവിന്‍റെ സുഹൃത്തുക്കളും എതിര്‍സംഘത്തില്‍പ്പെട്ടവരുമെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. കേക്ക് മുറിച്ചശേഷം എതിര്‍സംഘത്തില്‍പ്പെട്ട ചില യുവാക്കള്‍ തമാശയ്ക്ക് കേക്കിന്‍റെ ഒരുകഷ്ണം ജീത്തുവിന്‍റെ മുഖത്ത് തേച്ചു. ഇതിന്‍റെ പേരില്‍ ഇരുകൂട്ടരും തമ്മില്‍ ശക്തമായ വാക്കേറ്റമുണ്ടായി.

മുഖത്ത് കേക്ക് തേച്ചവരെ അസഭ്യംപറഞ്ഞ് ഇറങ്ങിപ്പോയ ജീത്തു സെയ്നിയും കൂട്ടരും മിനിറ്റുകള്‍ക്കുള്ളില്‍ ആയുധങ്ങളുമായി തിരിച്ചെത്തി. ലൈസന്‍സുള്ള എട്ട് തോക്കുകളെങ്കിലും ഇവരുടെ പക്കലുണ്ടായിരുന്നു. വന്നയുടന്‍ ജീത്തു യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തു. എന്തെങ്കിലും സംസാരിക്കാനോ തടയാനോ കഴിയുംമുന്‍പ് മൂന്ന് യുവാക്കള്‍ വെടിയേറ്റുവീണു. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വെടിവയ്പ്പിനുപിന്നാലെ ജീത്തുവും സംഘവും വാഹനങ്ങളില്‍ സ്ഥലംവിട്ടു.

അമര്‍ദീപ് സെയ്നി, മനീഷ് സെയ്നി, ആകാശ് സെയ്നി എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി തിരികെയെത്തുന്നതിന് മുന്‍പ് ജീത്തുവിന്‍റെ സംഘത്തില്‍പ്പെട്ടവര്‍ അമര്‍ദീപിന്‍റെ സഹോദരനെ ഫോണില്‍ വിളിച്ചിരുന്നു. അമര്‍ദീപും കൂട്ടരും തങ്ങളെ അസഭ്യം പറഞ്ഞുവെന്നും തിരിച്ചടിക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രശ്നമുണ്ടാക്കരുതെന്നും രാവിലെ സംസാരിച്ച് തീര്‍ക്കാമെന്നും പറഞ്ഞ് അമര്‍ദീപിന്‍റെ സഹോദരന്‍ സഞ്ജയ് അനുനയത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

ജീത്തു മാത്രമല്ല മറ്റ് പലരും വെടിവയ്പ്പില്‍ പങ്കെടുത്തിട്ടുണ്ടെന്ന് റൂറല്‍ എസ്.പി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്ന മറ്റുചിലരും നല്‍കിയ പേരുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജീത്തുവിനെയും സംഘത്തെയും കണ്ടെത്താന്‍ ആറ് പ്രത്യേക പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മീററ്റ് റേഞ്ച് ഡിഐജി കലാനിധി നൈഥാനി ഉള്‍പ്പെടെയുള്ള ഉന്നതഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ENGLISH SUMMARY:

Birthday cake celebrations can turn tragic, as evidenced by a recent incident in UP where a cake fight escalated into a fatal shooting. This shocking event highlights how seemingly minor disputes can have devastating consequences.