ഇക്കാലത്ത് ഏറ്റവും അധ്വാനവും ദുര്‍ഘടവും പിടിച്ച ജോലികള്‍ ചെയ്യാന്‍ അതിഥി തൊഴിലാളികളെ ആശ്രയിക്കുകയല്ലാതെ രക്ഷയില്ല. കേരളവും തമിഴ്നാടുമടക്കം സംസ്ഥാനങ്ങളിലെ യുവത കൂടുതല്‍ മികച്ച ജോലികള്‍ തിരയുമ്പോള്‍ ചെറുകിട ജോലികളിലേക്കായി സംരംഭകര്‍ തിരയുന്നത് അതിഥി തൊഴിലാളികളുടെ സേവനത്തിലേക്കാണ്. എന്നാല്‍ പലപ്പോഴും അതിഥി തൊഴിലാളികളോട് അടിമ  മനോഭാവം കാണിക്കുന്ന ആളുകളെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരാറുണ്ട്. അത്തരത്തില്‍ തമിഴ്നാട് നാമക്കലില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

നാമക്കലില്‍ ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ ചെറുകിട ജോലികള്‍ മുഴുവന്‍ ചെയ്തിരുന്നത് ജാർഖണ്ഡിൽ നിന്നുള്ള അതിഥി തൊഴിലാളികളായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചില തൊഴിലാളികള്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. എന്നാല്‍ നാല് മാസം മുന്‍പ് ഉടമകളുടെ സ്വഭാവം മാറി. ശമ്പളം നല്‍കുന്നത് മുടങ്ങി. സ്ഥാപനത്തില്‍ നിന്നും ജോലിക്കാരെ പുറത്തേക്ക് വിടുന്നത് നിര്‍ത്തി. 

ഇതിനു പിന്നാലെ ഒരു ജീവനക്കാരന്‍ ശമ്പളത്തെക്കുറിച്ചും തങ്ങളെ പുറത്തുവിടാത്തതിനെക്കുറിച്ചും ചോദിച്ചപ്പോള്‍ മാനേജര്‍ ഇയാളെ മുറിയിലിട്ട് യന്ത്രഭാഗങ്ങള്‍ കൊണ്ടും വടികൊണ്ടും മര്‍ദിച്ചു. അവശനായ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഫാക്ടറി അധികൃതര്‍ അനുവദിച്ചില്ല. തന്നെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന് ഒരു ജീവനക്കാരി പറയുന്നു. 

തുടര്‍ന്ന് സ്ഥാപനത്തിലെ അക്രമങ്ങളുടെ ലീക്ക് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇടപെട്ടതിനാലാണ് സ്ഥാപനത്തിലേക്ക് അന്വേഷണവും നടപടിയുണ്ടായത്.  സ്ഥാപനത്തില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ പൊലീസിനായെങ്കിലും ചികില്‍സയ്ക്കായോ യാത്രാചെലവിനായോ ഇവരുടെ കയ്യില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിരിവ് നടത്തിയാണ് ഇവര്‍ തിരിച്ച് നാട്ടിലേക്ക് പോയത്. ഇന്ത്യന്‍ എക്സ്പ്രസ് ഇത്തരത്തില്‍ നാട്ടിലെത്തിയ ഒരു അതിഥി തൊഴിലാളിയുമായി നടത്തിയ അഭിമുഖത്തിലാണ് ഫാക്ടറിയുടെ ക്രൂരതയെക്കുറിച്ച് കൂടുതലായി പുറംലോകമറിയുന്നത്. 

ENGLISH SUMMARY:

Guest workers are often relied upon for strenuous and difficult jobs, with entrepreneurs in states like Kerala and Tamil Nadu seeking their services as young people look for better employment. Recent reports highlight instances of mistreatment towards these guest workers, such as the incident at a textile factory in Namakkal, Tamil Nadu.