Image Credit: Facebook

Image Credit: Facebook

ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്നും ദീദി എന്നറിയപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാല്‍. വ്യാസ് പീഠില്‍ ഭക്തരോട് സംസാരിക്കുന്നതിനിടെയാണ് സാധ്വി ശ്രദ്ധയുടെ വിവാദ പ്രസ്താവന. ചായ കുടിക്കുന്നവരും ഗോഹത്യ നടത്തുന്നവരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും അവര്‍ പറയുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംസ്കാരം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഹിന്ദുക്കള്‍ ചായ കുടിക്കരുതെന്നും അവര്‍ ആഹ്വാനം ചെയ്തു. 

'ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂര്‍വികര്‍ ജീവിച്ചില്ലേ? ചായ കുടിക്കാതിരുന്നിട്ട് അവര്‍ മരിച്ചു പോയില്ലല്ലോ. ചായയും കാപ്പിയും കുടിക്കുന്നവര്‍ അത് അവസാനിപ്പിക്കണം. ചിലപ്പോള്‍ തല വേദനയും തല പൊട്ടിപ്പോകുന്നത് പോലെയുമെല്ലാം തോന്നിയേക്കാം എങ്കിലും അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം' എന്നും അവര്‍ ആഹ്വാനം ചെയ്യുന്നു. 'ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങള്‍ ലോകത്ത് നിരവധിയുണ്ട്. ചായ കുടിക്കുന്നവര്‍ ചെയ്യുന്നതിന്‍റെ ഇരട്ടി ആരോഗ്യത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്' എന്നും സാധ്വി ശ്രദ്ധ പറയുന്നു. 

രാജസ്ഥാന്‍ സ്വദേശിയായ സാധ്വി ഗോ സംരക്ഷണ, സംസ്കാര, ധര്‍മ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ അവരുടെ പ്രഭാഷണങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുക്കുന്നതിന്‍റെ വിഡിയോകളും കാണാം. അതേസമയം, ആധികാരികമായി അബദ്ധം വിളമ്പുകയാണ് സാധ്വി ശ്രദ്ധയെന്ന് സമൂഹമാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചായയുമായുള്ള ബന്ധം വരെ സമൂഹമാധ്യമമായ എക്സില്‍ വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കമന്‍റായി കുറിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Sadhvi Shraddha Gopal, popularly known as Didi, has sparked a major controversy by claiming that Hindus should not drink tea. During a recent address at Vyas Peeth, she stated that those who consume tea are equivalent to those who kill cows. A video of her speech has gone viral on social media, drawing widespread criticism from various sections of society. She urged followers to preserve Hindu culture by giving up tea and coffee, despite potential withdrawal symptoms like headaches. While she claims ancestors lived healthily without tea, social media users have labeled her statements as illogical and absurd. Many commenters even highlighted Prime Minister Narendra Modi’s well-known historical association with tea to counter her claims. The Rajasthan-based preacher is known for her active involvement in cow protection and cultural conservation movements.