ramayana-communist

ചരിത്രവും ഇതിഹാസവുമെല്ലാം ചലച്ചിത്രമാക്കുമ്പോള്‍  പലതരം അഭിപ്രായപ്രകടനങ്ങള്‍ ഉയരുന്നു വരിക സാധാരണമാണ്. നിതീഷ് തിവാരി ഒരുക്കിയ രാമായണത്തിന്‍റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത് .  രാമായണ സിനിമയില്‍ രാവണനാണ് നായകനെന്നുവരെ വിമര്‍ശനം ഉയര്‍ന്നു.  ഏറ്റവും പുതിയ വിമര്‍ശനം അല്‍പം വേറിട്ടതാണ്.  ആരോ‌പണം ഉന്നയിച്ചിരിക്കുന്നത് ഹിന്ദു ജാഗ്രതി സമിതിയും.

രാമായണ സിനിമ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് സമിതി ഉന്നയിക്കുന്ന ആരോപണം. രാവണനെ പാവങ്ങളുടെ രക്ഷകനായും സ്വര്‍ണവീടുകള്‍ നല്‍കുന്നവനായും വിപ്ലവകാരിയുമായി ചിത്രീകരിച്ച് മഹത്വവല്‍ക്കരിക്കരിക്കുന്നു.  ദേവന്‍മാരെ ചൂഷകരായ ഭരണവര്‍ഗമായും രാക്ഷസന്‍മാരെ പാവപ്പെട്ട തൊഴിലാളിവര്‍ഗമായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഒളിച്ചുകടത്താനാണ് ശ്രമിക്കുന്നത് . ഇതുകൂടാതെ ശ്രീരാമനെയും ലക്ഷ്മണനെയും ദുര്‍ബലരാക്കി കാണിച്ചെന്നുമടക്കം പല സീനുകളും വാല്‍മീകി രാമായണത്തിന് വിരുദ്ധമാണെന്നും സമിതി ആരോപണമുന്നയിക്കുന്നു.

 നിഷാദരാജാവായ ഗുഹനും രാമനും തമ്മിലുള്ള സൗഹൃദത്തിന്‍റെ സീനുകള്‍ സിനിമയില്‍ നിന്നൊഴിവാക്കിയത് ഇടതുപക്ഷ അജന്‍ഡയ്ക്ക് യോജിക്കാത്തതിനാലാണെന്നും ആരോപണമുണ്ട്.  എന്നാല്‍ സിനിമ പൂര്‍ണമായും വാല്‍മീകി രാമായണത്തെ പിന്തുണച്ചല്ല ഉണ്ടാക്കിയിരിക്കുന്നതെന്നാണ് സിനിമയുടെ സംവിധായകനായ നിതീഷ് തിവാരിയും മറ്റ് അണിയറപ്രവര്‍ത്തകരും വിവാദത്തിനിടെ പ്രതികരിച്ചു. പ്രാദേശിക രാമായണത്തിന് പുറമെ വിദേശ വ്യാഖ്യാനങ്ങളും തങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

വിവാദങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും ഇടയിലും രാമായണ: റൈസ് ഓഫ് എ ലെജൻഡ് (Ramayana: Rise of a Legend) തീയറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. നവംബർ 5-ന് റിലീസ് ചെയ്ത ചിത്രം വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ ₹1,500 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചു.

ENGLISH SUMMARY:

Ramayana movie controversy surrounds Nitesh Tiwari's epic as Hindu Jagriti Samiti alleges the film promotes communist ideologies by glorifying Ravana and weakening Lord Rama. Despite these backlashes and boycott calls, Ramayana: Rise of a Legend has successfully grossed over ₹1,500 crores globally at the box office.