ramayana-arun-goyal

അരുണ്‍ ഗോവില്‍ എന്ന നടനെ എല്ലാവര്‍ക്കും പരിചയം ശ്രീരാമന്‍റെ രൂപത്തിലാണ്. രാമാനന്ദ് സാഗറിന്‍റെ ടെലിവിഷന്‍ പരമ്പരയായ ‘രാമായണ’ത്തില്‍ ശ്രീരാമനായെത്തി രാജ്യമെങ്ങുമുള്ള വീടുകളില്‍ സുപരിചിതനാണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഇതിഹാസകഥാപരിസരത്തേക്ക് അദ്ദേഹം തിരികെ എത്തിയിരിക്കുകയാണ്. പക്ഷേ ഇത്തവണ രാമനായല്ല, പിതാവായ ദശരഥ മഹാരാജാവിന്‍റെ വേഷത്തിലാണെന്ന് മാത്രം. നിതേഷ് തിവാരിയുടെ 'രാമായണം’ ഒന്നാം ഭാഗത്തില്‍ ദശരഥനാകാന്‍ തനിക്ക് ആദ്യം താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് താരം.

‘രാമായണം’ സിനിമയില്‍ ദശരഥന്‍റെ വേഷം ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ചിത്രീകരണ വേളയിലെ അനുഭവങ്ങളെക്കുറിച്ചും അരുണ്‍ ഗോവില്‍ വിശദീകരിച്ചു. വര്‍ഷങ്ങളോളം ശ്രീരാമനായി വേഷമിട്ടതുകൊണ്ടുതന്നെ ദശരഥനാകാന്‍ ആദ്യം തോന്നിയില്ല. എന്നാല്‍ രാമാനന്ദ് സാഗറിന്‍റെ 'രാമായണ'വും പുതിയ പതിപ്പും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാൻ സംവിധായകൻ നിതേഷ് തിവാരി ആഗ്രഹിച്ചിരുന്നുവെന്നും അതിനാലാണ് തന്നെ ഈ വേഷത്തിലേക്ക് പരിഗണിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായും ഗോവില്‍ പറഞ്ഞു. ‘‘അതിന് ഏറ്റവും അനുയോജ്യനായ വ്യക്തി ഞാനാണെന്ന് അവർ കരുതി. ഏകദേശം 40 വർഷങ്ങൾ കഴിഞ്ഞിരുന്നു. നിതേഷ് തിവാരിക്ക് ഞാൻ ഈ സിനിമയുടെ ഭാഗമാകണമെന്ന് നിർബന്ധമുണ്ടായിരുന്നതുകൊണ്ട് ഒടുവിൽ അദ്ദേഹം എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു.’’ താരം വെളിപ്പെടുത്തി. അതേസമയം ശ്രീരാമനായി അഭിനയിച്ചശേഷം എന്തിന് ദശരഥനായി അഭിനയിക്കണം എന്നൊരു ചിന്ത തന്‍റെ മനസ്സില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത് ചെയ്യുന്നതില്‍ പോരായ്മയൊന്നും തനിക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്നും 'സ്‌ക്രീൻ' എന്ന മാധ്യമവുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

മാറ്റം തനിക്ക് വലിയ വെല്ലുവിളിയായിരുന്നില്ലെന്ന് വിശദീകരിച്ച അദ്ദേഹം രണ്ട് കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട വികാരങ്ങളെക്കുറിച്ചും തനിക്ക് മുൻപേ അറിവുണ്ടായിരുന്നു എന്ന് വ്യക്തമാക്കി. ഒരു പിതാവ് എന്ന നിലയിലുള്ള സ്വന്തം അനുഭവങ്ങൾ ദശരഥന്‍റെ കാഴ്ചപ്പാട് മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘‘ രാമന്‍റെ വികാരങ്ങള്‍ എനിക്ക് അറിയാമായിരുന്നു. ദശരഥന്‍ അനുഭവിച്ച വികാരങ്ങളും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. എല്ലാം എനിക്ക് പരിചിതമായിരുന്നു, അതുകൊണ്ട് അതൊരു വലിയ വെല്ലുവിളിയായിരുന്നില്ല. കാര്യമായ മുന്നൊരുക്കങ്ങളൊന്നും എനിക്ക് വേണ്ടി വന്നില്ല. മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും ഞാനൊരു പിതാവാണ്, എന്‍റെ മകന് ഇപ്പോൾ 46 വയസ്സായി. അതിനാൽ ഒരു പിതാവിന്‍റെ വേഷം കൈകാര്യം ചെയ്യുന്നതിൽ എനിക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല.’’ അരുൺ ഗോവിൽ പറയുന്നു.

എന്നാല്‍ 1987ല്‍ ശ്രീരാമനായി വേഷമിട്ടത് തന്‍റെ അഭിനയ അവസരങ്ങളെ പരിമിതപ്പെടുത്തിയിരുന്നെന്നും അരുണ്‍ ഗോവില്‍ തുറന്നു പറഞ്ഞു. അത്രത്തോളമുണ്ടായിരുന്ന ആ കഥാപാത്രത്തിന്‍റെ ജനപ്രീതി മറ്റ് കഥാപാത്രങ്ങളെ നല്‍കുന്നതില്‍ സംവിധായകരെയും നിര്‍മാതാക്കളെയും സ്വാധീനിച്ചിരുന്നതായും അത് വര്‍ഷങ്ങളോളം ഒരു പ്രത്യേക ചട്ടക്കൂടില്‍ തന്നെ ഒതുക്കി നിര്‍ത്തിയതായും ഗോവില്‍ വെളിപ്പെടുത്തി. എന്നാല്‍ നഷ്ടമായ അവസരങ്ങളേക്കാള്‍ എത്രയോ വലുതായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്നേഹവും അംഗീകാരവും. പരമ്പര സംപ്രേക്ഷണം ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ ആദരവ് ഇന്നും നിലനിൽക്കുന്നുണ്ടെന്നും 1987 മുതൽ പല വീടുകളിലും തങ്ങളുടെ ചിത്രം ഇന്നും ആരാധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Arun Govil Opens Up About Playing Dasharatha in Nitesh Tiwari's Ramayan:

Arun Govil Ramayan discussions highlight the veteran actor's transition from playing Lord Rama to portraying King Dasharatha in Nitesh Tiwari's upcoming cinematic adaptation. He shared insights about overcoming typecasting and bringing his real-life paternal experience to the iconic role