2010-ൽ വിവാഹം, 2016 മുതല്‍ വേർപിരിഞ്ഞ് താമസം. ശേഷം പത്തുവര്‍ഷത്തിനിടെ തലങ്ങും വിലങ്ങും 80 കേസുകള്‍. മെഗാ സീരിയലുകളെ വെല്ലുന്ന ദാമ്പത്യത്തര്‍ക്കം കണ്ട് സുപ്രീം കോടതി പോലും അമ്പരന്നു. ഒരു ദശാബ്ദം നീണ്ട ദാമ്പത്യത്തര്‍ക്കത്തെയും നിയമപോരാട്ടത്തെയും മഹാഭാരത യുദ്ധത്തോടാണ് സുപ്രീം കോടതി ഉപമിച്ചത്.
മഹാരാഷ്ട്രയില്‍നിന്നുള്ള ദമ്പതികളാണ് പത്തുവര്‍ഷം പോരടിച്ചത്. ഇവര്‍ക്ക് വിവാഹ മോചനം നല്‍കിയാണ് ഈ ദാമ്പത്യ തർക്കം 'മഹാഭാരത യുദ്ധം' പോലെയെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമാണ് ദമ്പതികൾക്ക് കോടതി വിവാഹമോചനം അനുവദിച്ചത്. രണ്ട് ആൺമക്കളുടെ സംരക്ഷണ ചുമതലയുള്ള ഭാര്യയ്ക്ക് ഒറ്റത്തവണ തീർപ്പായി 5 കോടി രൂപ നൽകാൻ ഭർത്താവിനോട് കോടതി ഉത്തരവിട്ടു. ദശാബ്ദങ്ങൾ നീണ്ട ഈ തർക്കത്തിന് അന്ത്യം കുറിക്കാനാണ് പ്രത്യേക അധികാരം വിനിയോഗിക്കുന്നതെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
2010-ൽ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് ആൺമക്കളുണ്ട്. ബന്ധം വഷളായതോടെ 2016-ൽ ഇവർ വേർപിരിഞ്ഞു. തന്നെയും മക്കളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഭർത്താവ് ബോധപൂർവ്വം ഒഴിഞ്ഞുമാറിയെന്നാണ് ഭാര്യയുടെ ആരോപണം. മുംബൈയിലെ ലോഖണ്ഡവാലയിൽ ഭർത്താവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലായിരുന്നു ഭാര്യ താമസിച്ചിരുന്നത്. ഇത് ഒഴിഞ്ഞുതരണമെന്നതായിരുന്നു ഭർത്താവിന്റെ ആവശ്യം. ഇരുവരും പരസ്പരം കേസുകളിലൂടെ പോരാട്ടത്തിലായിരുന്നു. ഭാര്യയ്ക്കും ബന്ധുക്കൾക്കും പുറമെ അവരുടെ അഭിഭാഷകർക്കെതിരെ വരെ ഭർത്താവ് കേസുകൾ ഫയൽ ചെയ്തിരുന്നതായി കോടതി നിരീക്ഷിച്ചു.
അഭിഭാഷകനായ ഭർത്താവ് നിയമപരിജ്ഞാനം ദുരുപയോഗം ചെയ്ത് തനിക്കും കുടുംബത്തിനും അഭിഭാഷകർക്കുമെതിരെ എൺപതിലധികം കേസുകൾ ഫയൽ ചെയ്തെന്ന് ഭാര്യ പറയുന്നു. കുടുംബ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ ഭർത്താവ് ലംഘിച്ചു. പല കമ്പനികളിലും ഡയറക്ടറായിരുന്ന ഭർത്താവ്, സാമ്പത്തിക ബാധ്യതകളിൽനിന്ന് രക്ഷപ്പെടാൻ ആ പദവികൾ ഒഴിഞ്ഞതായും ഭാര്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഭാര്യയ്ക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഭാര്യ ഫയൽ ചെയ്ത ഗാർഹിക പീഡനക്കേസുകൾ കാരണം താന്‍ ജയിലിലായെന്നും അത് പ്രൊഫഷണൽ പ്രതിച്ഛായ തകർത്തെന്നും ഭർത്താവ് നേരിട്ട് ഹാജരായി വാദിച്ചു. ഭാര്യ മക്കളെ തന്നിൽനിന്ന് അകറ്റി, ഉയർന്ന ശമ്പളമുള്ള അവർ ദരിദ്രയാണെന്ന് നടിച്ച് അമിതമായ തുക ആവശ്യപ്പെട്ടെന്നും ആരോപണം. ഇതിനോടകം 45 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ഭാര്യ നൽകിയ കള്ളക്കേസുകൾ കാരണം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഭര്‍ത്താവ് വാദിച്ചു.
ഭർത്താവിനെതിരെ കടുത്ത പരാമർശങ്ങളോടെയാണ് വിധി. ഭർത്താവിന്റേത് ഉപദ്രവകരവും പ്രതികാര–ബുദ്ധിയോടെയുമുള്ള സമീപനമാണ്. ഭാര്യയ്ക്ക് ഉയർന്ന വിദ്യാഭ്യാസമുണ്ടെന്നത് അവരെ സംരക്ഷിക്കാനുള്ള ഭർത്താവിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനുള്ള കാരണമല്ല. സാമ്പത്തിക ശേഷിയില്ല എന്ന ഭർത്താവിന്റെ വാദം വെറും തന്ത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ദമ്പതികളുടെ വിവാഹബന്ധം വേർപെടുത്തിയ കോടതി ഇരുവരും തമ്മിലുള്ള എല്ലാ സിവിൽ, ക്രിമിനൽ കേസുകളും റദ്ദാക്കി. ഒരു വർഷത്തിനുള്ളിൽ 5 കോടി രൂപ ഭാര്യയ്ക്ക് നൽകണം. 5 കോടി രൂപ ലഭിച്ച് രണ്ടാഴ്ചയ്ക്കകം ഭർത്താവിന്റെ പിതാവിന്റെ ഫ്ലാറ്റില്‍നിന്ന് ഭാര്യ ഒഴിഞ്ഞുകൊടുക്കണം. മക്കൾ ഭാര്യയ്ക്കൊപ്പം തുടരും, ഭർത്താവിന് അവരെ സന്ദർശിക്കാനുള്ള അനുമതിയുണ്ടാകും. ഇനി ഭാര്യയ്ക്കും ബന്ധുക്കൾക്കും അഭിഭാഷകർക്കുമെതിരെ കേസുകൾ നൽകില്ലെന്ന് ഭർത്താവ് സത്യവാങ്മൂലം നൽകണമെന്നും കോടതി നിര്‍ദേശിച്ചു.
കുടുംബ കോടതികളിലും മേല്‍ക്കോടതികളിലും സുപ്രീം കോടതിയിലുമെല്ലാം വിചിത്രമായ കാരണങ്ങളെചൊല്ലിയുള്ള വിവാഹ മോചനക്കേസുകള്‍ എത്താറുണ്ടെങ്കിലും ഇങ്ങനൊരും കേസ് ആദ്യമാകും.