maharashtra-crime

എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം

സ്വന്തം കുഞ്ഞിന് ജന്മം നല്‍കിയ ഉടന്‍ ഭാര്യയെ കൊലപ്പടുത്തി തിരിച്ചറിയാതിരിക്കാന്‍ മുഖം ചുട്ടുകരിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് മനഃസാക്ഷിയെ നടുക്കിയ ക്രൂരത നടന്നത്. രവീണ പവാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ക്രൂരകൃത്യം നടക്കുന്നതിന് വെറും എട്ട് ദിവസം മുൻപാണ് ഇവർ കുഞ്ഞിന് ജന്മം നൽകിയത്. രവീണയുടെ ഭര്‍ത്താവ്  സാദിഖ് ഷാ തഷ്‌രീഫ് ഷാ തന്നെയാണ് കൊലപാതകം നടത്തിയത്.

തിങ്കളാഴ്ച ദബ്കി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അന്നപൂർണ മാതാ ക്ഷേത്രത്തിന് സമീപം 30-32 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ ഭാഗികമായി കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. പോലീസ് ഉടൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മുഖം പൂർണ്ണമായും കരിഞ്ഞുപോയതിനാൽ ആദ്യം ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് പത്രക്കുറിപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പോലീസ് പുറത്തുവിട്ട വിവരങ്ങളാണ് മൃതദേഹം രവീണയുടേതാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്.

അന്വേഷണത്തിൽ ഭർത്താവ് സാദിഖ് ഷാ സംശയനിഴലിലാവുകയും തുടർന്ന് ബർഷി തക്ലിയിലുള്ള സഹോദരിയുടെ വീട്ടിൽ നിന്ന്  പൊലീസ്  ഇയാളെ പിടികൂടുകയും ചെയ്തു. വാഷിം ജില്ലയിലെ ഷെലു ബസാർ സ്വദേശികളായ ഇവർ പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്നും മുംബൈയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രസവത്തിനായി അടുത്തിടെയാണ് രവീണ അക്കോളയിലെ വാടക വീട്ടിലെത്തിയത്.

ദമ്പതികൾക്കിടയിൽ പതിവായി ഉണ്ടായിരുന്ന തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ പെട്രോൾ ഒഴിച്ച് മുഖം കത്തിച്ച ശേഷം ഇയാൾ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്.

അറസ്റ്റ് ചെയ്യുമ്പോൾ എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രതിക്കൊപ്പമുണ്ടായിരുന്നു.  സ്റ്റേഷനിൽ   വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ പരിചരിച്ചത്. തുടർന്ന്  കുഞ്ഞിനെ ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്‌മെന്‍റിന്‍റെ  സംരക്ഷണയിലേക്ക് മാറ്റി.  

Husband Arrested for Brutal Murder of Wife After Childbirth:

A shocking crime case has emerged from Maharashtra where a husband has been arrested for murdering his wife shortly after she gave birth. The accused then burned her face to prevent identification, highlighting a disturbing incident of domestic violence