jaipur-enquiry

Image: X, @HateDetectors ,Ayushi, Neeraj Sharma

TOPICS COVERED

ജയ്പൂരില്‍ സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. കഴിഞ്ഞ ദിവസമാണ് അമ്മാവന്റേയും വാടകക്കൊലയാളിയുടേയും കൂട്ടുപിടിച്ച് റോഡപകടമുണ്ടാക്കി നീരജ് ശര്‍മയെ യുവതി കൊലപ്പെടുത്തിയത്. അതേസമയം 2025ല്‍ മരിച്ച നീരജ് ശര്‍മയുടെ ഭര്‍ത്താവ് വിജയ് ശര്‍മയുടെ മരണവും സ്വാഭാവിക മരണമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ആയുഷി ശര്‍മയെന്ന വിജയ് –നീരജ് ദമ്പതികളുടെ മകള്‍ 23കാരി തന്നെയാണ് വിജയ്‌യുടെ മരണത്തിനും പിന്നിലെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. നീരജ് ശര്‍മയുടെ സഹോദരന്‍ രാകേഷ് ശർമ്മയാണ് വിജയ് ശർമ്മയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെയും കോടതിയെയും സമീപിച്ചത്.

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആയുഷിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അച്ഛന്റെ സര്‍ക്കാര്‍ ജോലിയാണ് ആശ്രിത നിയമനത്തിലൂടെ അമ്മയ്ക്ക് ലഭിച്ചിരുന്നത്, രാജസ്ഥാൻ ഹൈക്കോടതിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് ആയാണ് നീരജ് ശര്‍മയ്ക്ക് ജോലി ലഭിച്ചത്. എന്നാല്‍ അന്നുതന്നെ തനിക്ക് ആ ജോലി വേണമെന്ന് ആയുഷി വാശി പിടിച്ചിരുന്നെങ്കിലും നീരജ് ശര്‍മ നിയമനം നേടി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ആ ജോലി നേടാനായി ആയുഷി അമ്മയെ വകവരുത്തിയത്. അമ്മാവന്റേയും കസിനായ ബല്‍റാമിന്റേയും സഹായത്തോടെ മറ്റൊരു വാടകക്കൊലയാളിയെ കൂടി ഏര്‍പ്പാടാക്കിയാണ് കുറ്റകൃത്യം നടത്തിയത്. 

ജൂലൈ മൂന്നിന് പ്രതാപ് നഗറില്‍വച്ചുണ്ടായ റോഡപകടത്തില്‍ നീരജ് ശര്‍മയെ ഒരു എസ്‌യുവി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൊലപാതകം വെറുമൊരു റോഡപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. കേസിൽ ആയുഷി ഉൾപ്പെടെ ഏഴ് പേരെ നിലവില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കസിനായ ബൽറാമിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

രോഗബാധിതനായ അച്ഛനെ താന്‍ പരിച്ചരിച്ചോളാം എന്നു പറഞ്ഞാണ് ആയുഷി കൊണ്ടുപോയതെന്നും എന്നാല്‍ കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും രാകേഷ് ശര്‍മ ആരോപിക്കുന്നു. മാത്രമല്ല അദ്ദേഹത്തെ ഒന്നുകാണാന്‍ കൂടി ബന്ധുക്കളെ അനുവദിച്ചിരുന്നുമില്ല, മൂന്നുമാസങ്ങള്‍ക്കു ശേഷം അച്ഛന്‍ ആശുപത്രിയിലാണെന്ന വിവരം ആയുഷി ബന്ധുക്കളെ അറിയിച്ചു, ആശുപത്രിയിലെത്തിയ ബന്ധുക്കളോട് വിജയ് ശര്‍മയുടെ ശരീരാവയവങ്ങളുടെ 90ശതമാനവും തകരാറിലായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടർന്ന് വീണ്ടും ആയുഷി വിജയിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് അദ്ദേഹം മരണപ്പെടുകയുമായിരുന്നുവെന്ന് രാകേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. 

അച്ഛന്റെ സംസ്കാരച്ചടങ്ങുകള്‍ പോലും ആയുഷി അതിവേഗത്തില്‍ നാട്ടില്‍വച്ചു തന്നെ നടത്തിയെന്നും പിന്നാലെ അച്ഛന്റെ ജോലിക്കായി അപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തെന്നും രാകേഷ് പറയുന്നു. ഒരിക്കല്‍ അച്ഛന്റെ മരണം ചൂണ്ടിക്കാട്ടി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും രാകേഷ് ശര്‍മയുടെ പരാതിയില്‍ പറയുന്നുണ്ട്. അച്ഛന്റെ ഫീഡിങ് ട്യൂബ് മാറ്റിയാണ് കൊന്നതെന്നും അതുകൊണ്ട് നിങ്ങളെ കൊല്ലുന്നത് അതിലും എളുപ്പമാണെന്നും ആയുഷി പറഞ്ഞിരുന്നു. തനിക്കിനി രണ്ടു ദിവസത്തെ ആയുസേ കാണൂവെന്ന് നീരജ് വാട്സാപ് സ്റ്റാറ്റസ് ഇട്ടതായും റിപ്പോര്‍ട്ടുണ്ട്. ചോദ്യം ചെയ്യലിൽ, ഭിന്നശേഷിക്കാരനായ തന്റെ സഹോദരന് ലഭിച്ച അത്രയും സ്നേഹം തനിക്ക് ലഭിച്ചില്ലെന്നും അതിനാൽ അമ്മയോട് പണ്ടേ വെറുപ്പായിരുന്നുവെന്നും ആയുഷി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ആയുഷിക്ക് നിയമവശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും തെളിവുകള്‍ തന്ത്രപരമായി ഇല്ലാതാക്കിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

Twist in Jaipur Murder Case: Father's Death Also Under Suspicion:

Jaipur murder case unveils a shocking plot where a daughter murdered her mother for a government job and property. The investigation has taken a twisted turn with allegations that her father's death was also not natural.