Image credit: X, Instagram

Image credit: X, Instagram

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കാഞ്ചന്‍ കുമാരിയെ (കമല്‍ കൗര്‍) കാറിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അമൃതപാല്‍ സിങ് മെഹ്രോന്‍ പിടിയില്‍. കഴിഞ്ഞ ജൂണ്‍ 12നാണ് കാഞ്ചനെ ഭട്ടിന്‍ഡയിലെ മെഡിക്കല്‍ സര്‍വകലാശാലയിലെ പാര്‍ക്കിങ് പരിസരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാഞ്ചനെ കൊലപ്പെടുത്തിയ അമ‍ൃതപാലിനെ വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ചാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലൊന്നിലായിരുന്നു അമൃത്പാല്‍ ഒളിച്ച് കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കിയ പൊലീസ് ഏതു രാജ്യമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. Read More: ഒരു വര്‍ഷം മുന്‍പ് ഭീഷണി; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കാറില്‍ മരിച്ച നിലയില്‍

തീവ്ര സിഖ് ആശയങ്ങള്‍ പുലര്‍ത്തുന്ന സ്വയം പ്രഖ്യാപിത മതനേതാവാണ് അമൃത്പാല്‍ എന്ന്  പൊലീസ് പറയുന്നു. കാഞ്ചന്‍റെ ചില വിഡിയോകള്‍ മതനിന്ദ നടത്തുന്നവയാണെന്നും പിന്‍വലിക്കണമെന്നും തീവ്ര സിഖ് സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലാണ് കാഞ്ചനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അധാര്‍മികവും അശ്ലീലവുമായ ഉള്ളടക്കങ്ങളാണ് കാഞ്ചന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതെന്നും ഇത് സിഖ് വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. കാഞ്ചന്‍റെ കൊലപാതകത്തില്‍ നേരത്തെ ജസ്പ്രീത് സിങ്, നിമ്രജിത് സിഹ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അമൃത്പാലിനെ അറസ്റ്റ് ചെയ്ത വിവരം ഭട്ടിന്‍ഡ പൊലീസാണ് പുറത്തുവിട്ടത്. കാഞ്ചനെ കൊലപ്പെടുത്തിയതിന് പിന്നാലെ അമൃത്പാല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ പഴുതടച്ച അന്വേഷണത്തിലാണ് കാഞ്ചനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വലവിരിച്ചു. വിദേശത്ത് നിന്നും പിടികൂടി ഡല്‍ഹിയിലെത്തിച്ച അമൃത്പാലിനെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കാഞ്ചനെ കൊന്ന ശേഷം ഇവര്‍ ചിത്രീകരിച്ച വിഡിയോയും കേസ് അന്വേഷണത്തില്‍ നിര്‍ണായക തെളിവായി. മതവികാരം വ്രണപ്പെടുത്തിയതിനാണ് കൊലപാതകമെന്ന് പ്രതികള്‍ പറയുന്നതും വിഡിയോയിലുണ്ടായിരുന്നു. പഞ്ചാബ് സ്വദേശികളായ രണ്ട് സ്ത്രീ ഇന്‍ഫ്ലുവന്‍സര്‍മാരെ ഭീഷണിപ്പെടുത്തിയ കേസിലും അമൃത്പാല്‍ പ്രതിയാണ്. 

ENGLISH SUMMARY:

Punjab Police have arrested the prime suspect, Amritpal Singh Meharon, in the murder case of social media influencer Kanchan Kumari (Kamal Kaur). Amritpal, a self-proclaimed religious leader with extremist views, was brought back from a West Asian country and detained at Delhi airport. Kanchan was found dead in a car at Bathinda Medical University in June 2024, following threats from extremist groups over her content. Two other suspects have already been arrested in connection with the case, which gained attention after a video surfaced showing the killers citing blasphemy as the motive