jawan-bsf

AI Generated Image

TOPICS COVERED

ഉത്തര്‍പ്രദേശ് മീററ്റിലെ ബിഎസ്എഫ് ജവാന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞയാഴ്ചയാണ് ബിഎസ്എഫ് കോൺസ്റ്റബിൾ നൈൻ സിങ് (35) അവധിക്ക് നാട്ടിലെത്തിയപ്പോള്‍ കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും സുഹൃത്തുക്കളുമാണ് പ്രതികളെന്നും പൊലീസ് കണ്ടെത്തി. 

ധൻപുർ ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നൈന്‍ സിങ്ങിനെ മാർച്ച് 28നാണ്  വെടിവച്ചു കൊലപ്പെടുത്തിയത്. പശ്ചിമബംഗാളിലേക്ക് സ്ഥലംമാറ്റം കിട്ടിയ നൈന്‍ സിങ്ങ് മാര്‍ച്ച് ആറിനാണ് അവധിക്കായി നാട്ടിലെത്തിയത്. നൈന്‍ സിങ്ങിന്റെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

ദൃക്സാക്ഷികളൊന്നുമില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടേയും ഫോറന്‍സിക് കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. നൈന്‍ സിങ്ങിന്റെ ഭാര്യയുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ഗുല്‍ഷനുമായി നൈന്‍ സിങ്ങിന്റെ ഭാര്യ കോമളിന് ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി പലതവണ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

നൈന്‍ സിങ്ങിനെ കൊലപ്പെടുത്താനുള്ള തോക്ക് വാങ്ങാനായി കോമള്‍ ആഭരണം വിറ്റതായും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് നൈന്‍ സിങ്ങിനെ വെടിവച്ചതെന്നും പ്രതികള്‍ മൊഴി നല്‍കി. കോമള്‍, ഗുല്‍ഷന്‍, രാഹുല്‍, ഗുണ്ടു,മൊന്റു എന്നിവരാണ് പിടിയിലായത്. ലൈസന്‍സില്ലാത്ത തോക്കുള്‍പ്പെടെ പൊലീസ് പ്രതികളില്‍ നിന്നും കണ്ടെടുത്തു. കേസ് തെളിയിച്ച പൊലീസ് സംഘത്തിന് 25,000രൂപ സമ്മാനം നല്‍കിയതായും മീററ്റ് എസ്എസ്പി അറിയിച്ചു. 

BSF Jawan Murdered in Uttar Pradesh; Wife and Lover Arrested:

The BSF jawan murder case in Uttar Pradesh has been solved by the police. Investigations revealed that the jawan's wife and her lover, along with accomplices, were responsible for the crime.