Image: Social Media
മധ്യപ്രദേശിലെ ഗ്വാളിയോറിൽ വിവാഹച്ചടങ്ങിൽ മദ്യം വിളമ്പാത്തതിന് വധൂവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ആക്രമണം. ആരോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഠായ് ഗ്രാമവാസിയായ മഹേഷ് ജാതവിന്‍റെ വിവാഹസല്‍ക്കാരമാണ് ആക്രമണത്തില്‍ കലാശിച്ചത്. മാർച്ച് 30-നാണ് സംഭവം.
ചടങ്ങുകള്‍ക്ക് ശേഷം വധുവും ബന്ധുക്കളും വരന്‍റെ വീട്ടിലെത്തി ഭക്ഷണം കഴിക്കവേയാണ് വരന്‍റെ അയൽക്കാരില്‍ ചിലര്‍ മദ്യം വിളമ്പണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ മദ്യസല്‍ക്കാരം ഇല്ലെന്ന് അറിയിച്ചപ്പോള്‍ മദ്യം വാങ്ങാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതും വരനും കുടുംബവും നിഷേധിച്ചതോടെ വാക്കേറ്റമും കയ്യാങ്കളിയുമുണ്ടായി.
സംഘം വരനെയും കുടുംബത്തെയും അസഭ്യം പറയുകയും വധുവിനെയും വരന്‍റെ അമ്മയെയും ഒപ്പമുണ്ടായിരുന്നവരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. വീട്ടിലുണ്ടായിരുന്ന പണവും സാധനങ്ങളും സംഘം കൊള്ളയടിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.