അൽഫാമിന്റെ കഷണങ്ങളുടെ എണ്ണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഇടുക്കി അടിമാലിയിൽ സംഘർഷം. വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്. അതിക്രമം കാണിച്ച മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ 26 അംഗ സംഘമാണ് അടിമാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. യാത്രയും ഭക്ഷണവും സ്വകാര്യ ടൂർ ഓപ്പറേറ്റർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. വിളമ്പിയ അൽഫാമിന്റെ കഷണങ്ങളുടെ എണ്ണത്തെ ചൊല്ലിയാണ് ആദ്യം തർക്കമുണ്ടായത്. നാല് കഷണങ്ങളാകേണ്ട കോഴി ആറ് കഷണങ്ങളായി മുറിച്ചെന്നായിരുന്നു സംഘത്തിന്റെ പരാതി. 

ഭക്ഷണം തൃപ്തികരമല്ലെന്നും, അതിനാൽ പൂർണ തുക നൽകാനാകില്ലെന്നും യാത്രക്കാർ ടൂർ ഓപ്പറേറ്ററെ അറിയിച്ചു. ഇതിനെച്ചൊല്ലിയ തർക്കത്തിൽ ഹോട്ടൽ ജീവനക്കാരും ഇടപെട്ടതോടെ വാക്കേറ്റം കയ്യാങ്കളിയായി. ആക്രമണത്തിൽ ഹോട്ടൽ സൂപ്പർവൈസർ നിഷാദിന്റെ തലയ്ക്ക് ഇഷ്ടികകൊണ്ട് അടിയേറ്റു. ഗുരുതരമായി പരുക്കേറ്റ നിഷാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റ് ഹോട്ടൽ ജീവനക്കാരും ചികിത്സയിലാണ്.

ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളെ തിരികെ പോകാൻ അനുവദിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

An Al-Fahm piece count dispute in Idukki's Adimali escalated into a clash between tourists and hotel staff, leading to three arrests. The argument over the chicken portion size quickly turned violent, resulting in injuries to a hotel supervisor.