തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കൊളത്തൂരും വിജയ് പെരമ്പൂരും ഒരേ സമയം പത്രിക നൽകി. ഒരിക്കൽ കൂടി തൻ്റെ വിശ്വസ്ത മണ്ഡലത്തിൽ നിന്ന് ജനവിധി തേടാൻ പോകുകയാണ് എം.കെ.സ്റ്റാലിൻ. റോഡ് ഷോ ആയാണ് സ്റ്റാലിൻ പത്രിക നൽകാൻ എത്തിയത്. മന്ത്രി ശേഖർ ബാബുവും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. വൻ വിജയം നേടുമെന്ന് സ്റ്റാലിൻ.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പെരമ്പൂരിലുള്ള കോളജിൽ വച്ചാണ് വിജയ് നാമനിർദേശ പത്രിക നൽകിയത്. ആരാധകരും പ്രവർത്തകരുമടക്കം നിരവധി പേര് കോളജിന് മുന്നിലെത്തി. വിജയ്ക്കൊപ്പം പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് ആണ് ഉണ്ടായിരുന്നത്. മണ്ഡലത്തിൽ വിജയ് യുടെ പ്രചാരണവും ഇന്ന് ആരംഭിക്കും. രണ്ട് മണി മുതൽ 4 വരെ ആണ് സമയം അനുവദിച്ചിരിക്കുന്നത്.
അഞ്ചു മണി മുതൽ ആറ് വരെ സ്റ്റാലിൻ്റെ മണ്ഡലമായ കൊളത്തൂരും ആറ് മുതൽ ഏഴ് മണി വരെ വില്ലാവാക്കത്തും പ്രചാരണം നടത്തും. ഏപ്രിൽ ആറ് വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. എന്നാൽ ഇതിനിടെ നാല് അവധി ദിവസങ്ങൾ വരുന്നതിനാൽ വേഗത്തിൽ പത്രിക സമർപ്പണം പൂർത്തിയാക്കാണ് എല്ലാ പാർട്ടികളുടെയും തീരുമാനം.