k-annamalai

കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനെത്താതെ തമിഴ്നാട് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സംസ്ഥാന അധ്യക്ഷനും എ.ഐ.എ.ഡി.എം.കെ നേതാക്കളും എത്തിയെങ്കിലും പട്ടികയില്‍ പേരുണ്ടായിട്ടും അണ്ണാമലൈയുടെ വിട്ടുനില്‍ക്കുകയായിരുന്നു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനായാണ് മോദി കോയമ്പത്തൂരില്‍ വിമാനമിറങ്ങിയത്. 

 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാർ നാഗേന്ദ്രൻ, എൽ മുരുകൻ, വാനതി ശ്രീനിവാസൻ, എ.ഐ.എ.ഡി.എം.കെ നേതാവ് എസ്പി വേലുമണി അടക്കമുള്ളവരാണ് വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചത്. പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 1.30 ഓടെ കോയമ്പത്തൂരിലെത്തിയ മോദി ഹെലികോപ്റ്ററില്‍ പാലക്കാട്ടേക്ക് പോവുകയായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടവരുടെ പട്ടികയില്‍ അണ്ണാമലൈയുടെ പേരുണ്ടായിരുന്നതായി ബിജെപി നേതാവ് വനതി ശ്രീനിവാസന്‍ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ എത്താത്തതിനെ പറ്റി അദ്ദേഹത്തോട് ചോദിക്കും എന്നും വനതി പറഞ്ഞു.  

 

തമിഴ്നാട്ടിലെ സീറ്റ് ചര്‍ച്ചകളാണ് അണ്ണാമലൈയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. അണ്ണാഡിഎംകെയുമായുള്ള ബിജെപി സീറ്റ് ചര്‍ച്ചയില്‍ ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ ലഭിച്ചില്ലെന്നാണ് അണ്ണാമലൈയുടെ നിലപാട്. സഖ്യത്തിന്‍റെ ഭാഗമായി ബിജെപിക്ക് അനുവദിച്ച സീറ്റുകളെ പറ്റി അണ്ണാമലൈ ദേശിയ നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. ബിജെപിക്ക് ജയസാധ്യതയുള്ള കിണത്തുകടവ് അടക്കുള്ള മണ്ഡലങ്ങള്‍ അണ്ണഡിഎംകെ എടുത്തതിലാണ് അതൃപ്തി. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അണ്ണാമലൈ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

 

എന്‍.ഡി.എ സഖ്യത്തില്‍ അണ്ണഡിഎംകെ 169 സീറ്റില്‍ മത്സരിക്കും. ബി.ജെ.പി 27 ഇടത്താണ് മത്സരിക്കുക. മറ്റു സഖ്യകക്ഷികളായ പി.എം.കെ 18 ഇടത്തും എ.എം.എം.കെ 11 ഇടത്തും മത്സരിക്കും.

ENGLISH SUMMARY:

Narendra Modi Coimbatore airport was not met by Tamil Nadu BJP former president Annamalai. Despite being on the list of greeters, Annamalai's absence, while other state leaders and AIADMK representatives were present, has raised questions.