Image: Manorama

Image: Manorama

കൃത്യമായ ലക്ഷ്യം. വോട്ട് എങ്ങനെ വീഴ്ത്തണമെന്ന് അറിഞ്ഞു തന്നെയാണ് തമിഴക വെട്രി കഴകം അധ്യക്ഷന്‍റെ സീറ്റുകള്‍ നിശ്ചയിച്ചത്. വിജയ് മത്സരിക്കുന്നത് രണ്ട് സീറ്റുകളിലാണ്. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലും. നിലവില്‍  ഡിഎംകെയുടെ കയ്യിലുള്ള രണ്ട് സീറ്റിലും ജയിക്കാന്‍ വലിയ ശ്രമം നടത്തേണ്ടി വരുമെങ്കിലും വിജയ്‍യുടെ തന്ത്രങ്ങള്‍ മറ്റൊന്നാണ്. 

ഒരിടത്ത് ജനപ്രീതി വോട്ടാകുമ്പോള്‍ മറ്റൊരിടത്ത് ന്യൂനപക്ഷ വോട്ട് അനുകൂലമാകും എന്ന് ടി.വി.കെ കണക്കുകൂട്ടുന്നു. തിരുച്ചിറപ്പള്ളി ജില്ലയിലാണ് ട്രിച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലം. നഗരപ്രദേശങ്ങള്‍ കൂടുതലുള്ള ന്യൂനപക്ഷ ജനസംഖ്യ നിര്‍ണയകമായ മണ്ഡലം. വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടാണ് മണ്ഡലത്തിലുള്ളത്. നിലവിലെ എം.എല്‍.എ ഇനിഗോ എസ് ഇരുദയരാജ് ആണ്  ഡി.എം.കെ സ്ഥാനാര്‍ഥി. 

ഡി.എം.കെയും എ.ഐ.എ.ഡി.എം.കെ യും ജയിച്ച പെരമ്പൂര്‍ സീറ്റ് 2019 ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ ഡി.എം.കെയുടെ കയ്യിലാണ്. നിലവിലെ എം.എല്‍.എ ആര്‍.ഡി ശേഖര്‍ മത്സരിക്കും. നഗരകേന്ദ്ര മണ്ഡലമാണ് പെരമ്പൂര്‍. ഇവിടെ വിജയ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് തന്‍റെ ജനപ്രീതി വോട്ടാകുമോ എന്നാണ്. പെരമ്പൂരിനെ അപേക്ഷിച്ച് തിരുച്ചി ഈസ്റ്റിൽ ജയിക്കാൻ എളുപ്പമായിരിക്കും എന്നാണ് ടി.വി.കെ വിലയിരുത്തല്‍. 

തിരുച്ചി ഈസ്റ്റ് കൂടുതൽ അനുകൂലമായ സാമൂഹിക അടിത്തറയുള്ള മണ്ഡലമാണെന്നും ടി.വി.കെ നേതാക്കള്‍ പറയുന്നു. എന്നാല്‍ ജനപ്രീതിയുള്ള സഭയുടെയും പിന്തുണയുള്ള സിറ്റിംഗ് എംഎൽഎയ്‌ക്കെതിരെയാണ് വിജയ്‍യുടെ മത്സരം. തമിഴ്‌നാട്ടിൽ ഏപ്രിൽ 23നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. 

യുവാക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ടി.വി.കെ പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴിലില്ലാത്ത  29 വയസില്‍ കൂടുതല്‍ പ്രായമുള്ള ബിരുദധാരികൾക്ക് 4000 രൂപയും ഡിപ്ലോമക്കാർക്ക് 2000 രൂപയും തൊഴിലില്ലായ്മ ധനസഹായം ടി.വി.കെ വാഗ്ദാനം ചെയ്യുന്നു. 20 ലക്ഷം രൂപ വരെയുള്ള ഈട് രഹിത വിദ്യാഭ്യാസ വായ്പ, അഞ്ച് ലക്ഷം യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ, തമിഴ്‌നാട് റിക്രൂട്ട്‌മെന്റ് അക്കൗണ്ടബിലിറ്റി ആൻഡ് ട്രാൻസ്പരൻസി ആക്ട് എന്നിവയുൾപ്പെടെ നിരവധി നിർദ്ദേശങ്ങളാണ് ടി.വി.കെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി മുന്നോട്ട് വെയ്ക്കുന്നത്. 

ENGLISH SUMMARY:

Tamil Nadu Elections are heating up as Thalapathy Vijay's Tamilaga Vettri Kazhagam (TVK) strategically targets two key constituencies, Perambur and Trichy East. TVK is banking on a mix of popular appeal and minority votes to secure victories in these crucial seats.