രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയില്ലെങ്കില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് അനുമതി നല്‍കി തെലങ്കാന. സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുന്നതിന് അംഗീകാരം നല്‍കുന്ന ബില്‍ നിയമസഭ പാസാക്കി. തെലങ്കാന എംപ്ലോയീസ് അക്കൗണ്ടബിലിറ്റി ആൻഡ് മോണിറ്ററിംഗ് ഓഫ് പാരന്റൽ സപ്പോർട്ട് ബില്ലിന്‍റെ പരിധിയില്‍ എംഎല്‍എമാരും എം.പിമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും വരും. 

ആശ്രിതരായ രക്ഷിതാക്കള്‍ക്ക് ചെലവിനുള്ള പണം നല്‍കിയില്ലെങ്കില്‍ ശമ്പളത്തിന്‍റെ 15 ശതമാനമോ 10,000 രൂപയോ വെട്ടിച്ചുരുക്കും. ഏതാണ് കുറവ് എന്നതിനെ അടിസ്ഥാനമാക്കിയാകും നടപടി. ഈടാക്കുന്ന തുക നേരിട്ട് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. മാതാപിതാക്കളുടെ അവകാശങ്ങൾ നല്ല മനസ്സോടെ സംരക്ഷിക്കപ്പെടണമെന്ന് നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. അവഗണിക്കപ്പെടുമ്പോൾ മാതാപിതാക്കൾക്കൊപ്പം നിയമം നിലകൊള്ളുന്നുവെന്ന് ബിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മക്കളുടെ സംരക്ഷണം ലഭിക്കാത്ത രക്ഷിതാക്കള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാം. ബില്‍ പ്രകാരം, പ്രാഥമിക വിധനിര്‍ണായ അധികാരം കലക്ടര്‍മാര്‍ക്കാണ്. മക്കളുടെ ശമ്പളത്തിന്‍റെ വിഹിതം ലഭിക്കാനുള്ള കാരണം വ്യക്തമാക്കുന്നതിനൊപ്പം തങ്ങളുടെ വരുമാന സ്രോതസുകളും പരാതിക്കാര്‍ വ്യക്തമാക്കണം.

 പരാതി ലഭിച്ചാല്‍ 60 ദിവസത്തിനകം ജില്ലാകലക്ടര്‍ ഇത് പരിഹരിക്കണം. സമയപരിധിക്കുള്ളില്‍ രക്ഷിതാക്കളും മക്കളെയും കേള്‍ക്കണം. വാദം കേട്ടതിന് ശേഷം ശമ്പളത്തില്‍ നിന്നും വെട്ടികുറയ്ക്കേണ്ട തുക വ്യക്തമാക്കി ഉത്തരവിറക്കും. ജന്മം നൽകിയ മാതാപിതാക്കൾക്കൊപ്പം രണ്ടാനമ്മയ്ക്കും രണ്ടാനച്ഛനും ബില്ലിന്‍റെ പരിരക്ഷ ലഭിക്കും. ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സീനിയര്‍ സിറ്റിസണ്‍ കമ്മീഷന്‍ രൂപീകരിക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു. 

ENGLISH SUMMARY:

Telangana has enacted a new law to ensure parental financial support, allowing for salary deductions for children who fail to provide for their dependent parents. This legislation aims to protect the rights of parents and ensures they receive a portion of their children's income, with mechanisms for reporting and dispute resolution.