ക്ഷേത്രത്തിനു സമീപത്തെ പ്രീ വെഡിങ് ഫോട്ടോഷൂട്ട് സംഘര്‍ഷത്തില്‍ കലാശിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ സക്ലേഷ്പുരിലാണ് സംഭവം. ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിന് സമീപത്തുവച്ച് നടത്തിയ ഫോട്ടോഷൂട്ടില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ചെരുപ്പിട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
പ്രകൃതിമനോഹാരിതയുടെ പേരില്‍ പ്രശസ്തമാണ് സക്ലേഷ്പുരിലെ ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രം. ഈ ഭാഗത്ത് ഫോട്ടോഷൂട്ട് നടത്തിയതിനൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ചെരുപ്പ് ധരിച്ച് ക്ഷേത്രമുറ്റത്ത് പ്രവേശിച്ചെന്നും ആരോപിച്ചായിരുന്നു വാക്കുതര്‍ക്കമുണ്ടായത്. പിന്നാലെ തര്‍ക്കം കയ്യേറ്റമായി മാറി. ഫോട്ടോഗ്രാഫർമാരെ സംഘം ചേര്‍ന്ന് ആളുകളെത്തി പൊതിരെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
പരുക്കേറ്റ ഫോട്ടോഗ്രാഫര്‍മാരെ സക്ലേഷ്പൂര്‍ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി ഇടപെട്ട് രംഗം ശാന്തമാക്കി. കൂടാതെ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മുഡിഗരേ താലൂക്കില്‍ നിന്നും ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ആഷി, പ്രശാന്ത്, രക്ഷ,അരവിന്ദ്,ഉചിത്,പ്രജ്വല്‍, നിഷാന്ത് എന്നിവരാണ് പിടിയിലായത്.
ഫോട്ടോഗ്രാഫര്‍മാരായ നവിക്കും നന്ദനുമാണ് ഗുരുതരമായി പരുക്കേറ്റത്. സാംസ്കാരിക പ്രാധാന്യമുള്ള മേഖലകളില്‍ ഷൂട്ടുകൾ നടത്തുമ്പോൾ പ്രാദേശികമായ ആചാരങ്ങളും അച്ചടക്കങ്ങളും പാലിക്കപ്പെടണമെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കപ്പെട്ട വിഡിയോക്ക് താഴെ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.