Image credit: x/tabish_abass

Image credit: x/tabish_abass

28 വര്‍ഷം മുന്‍പ് മരിച്ചുപോയ ഭര്‍ത്താവിന്‍റെ ഓര്‍മയ്ക്കായി സൂക്ഷിച്ചിരുന്ന സ്വര്‍ണം, കുഞ്ഞിക്കുടുക്കയിലെ സമ്പാദ്യവുമായെത്തിയ നാലുവയസുകാരി, വീട്ടിലെ വെള്ളി,പിച്ചള പാത്രങ്ങള്‍ ലേലത്തില്‍ വച്ച് നാട്ടുകാര്‍... ഇറാനിലെ യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കശ്മീരില്‍ നിന്ന് സംഭാവനകള്‍ പ്രവഹിക്കുകയാണ്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ധനശേഖരണത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ചെറുതും വലുതുമായ ഈ സംഭാവനകളത്രയും ഇറാന്‍ സ്വീകരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ ഈ സ്നേഹവും മനുഷ്യത്വത്തിനും എന്ത് പകരം നല്‍കാനാണ്. ഈ ചേര്‍ത്തുപിടിക്കലും കരുണയും ഒരുകാലവും ഇറാന്‍ മറക്കില്ല, ഇന്ത്യയ്ക്ക് നന്ദി'- എന്നായിരുന്നും എംബസി എക്സില്‍ കുറിച്ചത്.

ബാരാമുള്ള, ബുദ്ഗാം ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം സംഭാവനകള്‍ ലഭിച്ചത്. സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ടവര്‍ ധനശേഖരണത്തില്‍ പങ്കുചേര്‍ന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങളും വീട്ടുസാധനങ്ങളും കൈമാറി. ബുദ്ഗാം എംഎല്‍എ മുന്‍താസിര്‍ മെഹ്ദി തന്‍റെ ഒരുമാസത്തെ ശമ്പളമാണ് ഇറാനിലെ യുദ്ധബാധിതര്‍ക്കായി നല്‍കിയത്. ഇറാനിലെ ജനങ്ങള്‍ക്കായി ഇത്രയെങ്കിലും നല്‍കാന്‍ കഴിയുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നാണ് ശ്രീനഗര്‍ സ്വദേശി പിടിഐയോട് പ്രതികരിച്ചത്. രാജ്യത്തിനായി സഹായം അഭ്യര്‍ഥിച്ച് ഇറാന്‍ എംബസി നേരത്തെ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.

യുദ്ധത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് ഇറാന്‍ സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മാര്‍ച്ച് 20 വരെ 3220 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ 1398 പേര്‍ സാധാരണക്കാരും അതില്‍ 210 പേര്‍ കുട്ടികളുമാണെന്നും യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. 1165 സൈനികരും കൊല്ലപ്പെട്ടു. ലെബനനില്‍ 1024 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ കുട്ടികളും 79 പേര്‍ സ്ത്രീകളുമാണ്. 

ENGLISH SUMMARY:

In a moving gesture, people from Jammu & Kashmir, including children and elderly women, have donated jewelry and savings to support Iran during the ongoing Middle East war. The Iranian Embassy in India expressed deep gratitude on social media, highlighting the humanity shown by Kashmiris. While official death tolls in Iran remain unreleased, human rights groups report over 3,000 fatalities, including hundreds of children, as of March 2026.