NewProject

യു.എസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടിട്ട് നാല് മാസങ്ങൾ പിന്നിട്ടു. ചെറുത്തുനിൽപ്പിനായിരുന്നു ഈ കാലമത്രയും ഇറാൻ നിലകൊണ്ടത്. യുദ്ധത്തിനൊരറുതി വന്ന ശേഷമാണ് രാജ്യം നായകന് യാത്ര നൽകാനൊരുങ്ങുന്നത്. ലോകചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തൊരു സംസ്കാരച്ചടങ്ങാകും ടെഹ്റാനിൽ നടക്കുക.

ഫെബ്രുവരി 28-ന് യുദ്ധത്തിന്‍റെ തുടക്കത്തിൽ നടന്ന അമേരിക്ക-ഇസ്രയേൽ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ആയത്തുള്ള ഖമനേയിയുടെ ഭൗതികശരീരം ടെഹ്റാനിൽ എത്തിച്ചുകഴിഞ്ഞു. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായാണ് സംസ്കാരച്ചടങ്ങുകൾ. ശനിയാഴ്ച നടക്കാനിരിക്കുന്ന ഖബറടക്കത്തിന് വിദേശ പ്രതിനിധികളടക്കം ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത എന്നിവരാണ് പങ്കെടുക്കുക. യു.എസ്-ഇറാൻ ചർച്ചകളിൽ പ്രധാന മധ്യസ്ഥത വഹിച്ച പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുക്കും. ചൈന, അഫ്ഗാനിസ്ഥാൻ, കോക്കസസ് മേഖലയിലെ ഇറാനിയൻ അയൽരാജ്യങ്ങൾ എന്നിവരും പ്രതിനിധികളെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറാനിയൻ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജൻസികളും പുറത്തുവിട്ട ചിത്രങ്ങളിൽ, ഇറാൻ ദേശീയപതാക പുതപ്പിച്ച ഖമനേയിയുടെ മൃതദേഹം ഗ്രാൻഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്നത് കാണാം. സംസ്കാരച്ചടങ്ങുകൾക്ക് മുന്നോടിയായുള്ള പ്രാർഥനകളിൽ കറുത്ത വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

മൂന്ന് ദിവസത്തേക്ക് ഖമനേയിയുടെ ഭൗതികശരീരം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും. ഖമനേയിയുടെ ചിത്രങ്ങളും വചനങ്ങളും പതിപ്പിച്ച ബാനറുകൾ കൊണ്ട് ഈ സ്ഥലം അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം മരണമടഞ്ഞ ബന്ധുക്കളുടെ ഭൗതികശരീരങ്ങളും ചടങ്ങിൽ വെക്കും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക സംസ്കാരച്ചടങ്ങായി ഇത് മാറും. ടെഹ്റാനിലെ ചടങ്ങുകൾക്ക് ശേഷം, ഖമനേയിയുടെ ശരീരം ഇറാഖിലെ നജഫ്, കർബല എന്നീ പുണ്യനഗരങ്ങളിലേക്ക് കൊണ്ടുപോകും. തുടർന്ന് ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസയുടെ ആരാധനാലയത്തിൽ അടക്കം ചെയ്യും.

ചടങ്ങുകളുടെ വലിപ്പത്തിനപ്പുറം, ഖമനേയിയുടെ മരണത്തിന് നാല് മാസത്തിന് ശേഷം നടക്കുന്ന ഈ ചടങ്ങുകൾക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ഇസ്‌ലാമിക് റിപ്പബ്ലിക്കിനോടുള്ള ജനങ്ങളുടെ കൂറും വിപ്ലവവീര്യവും ഇപ്പോഴും സജീവമാണെന്നുമുള്ള തെളിവായി ഭരണകൂടം ഇതിനെ കാണുന്നു. ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ ഒരു ഹിതപരിശോധനയായി കണ്ട്, 15 മുതൽ 20 ദശലക്ഷം വരെ ആളുകളെ തെരുവിലിറക്കാനാണ് ഇറാൻ ഭരണകൂടം പദ്ധതിയിടുന്നത്. ഇതിനായി ഗതാഗതസൗകര്യങ്ങളും ഭക്ഷണവും താമസവും സർക്കാർ ഒരുക്കുന്നുണ്ട്. ഇസ്രയേലിനോടും അമേരിക്കയോടും നടത്തിയ യുദ്ധത്തെ അതിജീവിച്ച ശേഷം രാജ്യത്തിന്റെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കുന്നതിനാണ് ഈ നീക്കം.

ഖമനേയിയുടെ മരണവും മകൻ മൊജ്തബയെ മൂന്നാമത്തെ പരമോന്നത നേതാവായി വാഴിക്കുന്നതും ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ 47 വർഷത്തെ ചരിത്രത്തിലെ നിർണായക നിമിഷമാണ്. പിതാവിനെ കൊലപ്പെടുത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൊജ്തബയെ യുദ്ധം തുടങ്ങിയ ശേഷം പൊതുവേദികളിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുള്ളതിനാൽ സംസ്കാരച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.

എന്നാൽ ഐക്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഈ ബാഹ്യപ്രകടനങ്ങൾക്കപ്പുറം ഇറാനിയൻ ഭരണകൂടത്തോടുള്ള ജനങ്ങളുടെ പിന്തുണ കുറഞ്ഞുവരുന്നതായി വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധങ്ങൾ കാരണം സാമ്പത്തികമായി തകർന്ന ഇറാനിലെ ജനങ്ങൾ അങ്ങേയറ്റം മടുപ്പിലാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ പണപ്പെരുപ്പത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ പലരും ഖമനേയിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത് അന്ന് അധികാരികൾ പ്രക്ഷോഭം അടിച്ചമർത്തി. ഖമനേയി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നപ്പോൾ ടെഹ്റാനിലെ പല ഭാഗങ്ങളിലും ജനങ്ങൾ വീടുകൾക്കുള്ളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

എന്തുകൊണ്ടാണ് ഇസ്‌ലാമിക സംസ്കാരത്തിന് വിരുദ്ധമായി ഖമനേയിയുടെ മൃതദേഹം സംസ്കരിക്കാൻ നാല് മാസത്തെ കാലതാമസമുണ്ടായത്? യു.എസ്-ഇസ്രയേൽ ആക്രമണങ്ങൾക്കിടയിലെ അസാധാരണമായ സാഹചര്യമാണ് ഈ വൈകലിന് കാരണമെന്നാണ് ഇറാൻ അധികൃതർ പറയുന്ന മറുപടി. ശരീരം താൽക്കാലികമായി മറവുചെയ്തിരുന്നുവെന്ന അഭ്യൂഹങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. ഇത്രയും കാലം മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നുവെന്നാണ് വിശദീകരണം.

ഏതായാലും ദേശീയ ഐക്യവും ദുഃഖവും പ്രകടിപ്പിക്കുന്ന ഒരു നിമിഷമായി ഈ സംസ്കാരച്ചടങ്ങിനെ മാറ്റാനാണ് ഇറാൻ സർക്കാർ ശ്രമിക്കുന്നത്. 'We must rise' – അഥവാ 'നമ്മൾ ഉയിർത്തെഴുന്നേൽക്കണം' – എന്ന മുദ്രാവാക്യമാണ് ഈ ചടങ്ങുകൾക്കായി അവർ ഉപയോഗിക്കുന്നത്. എന്നാൽ, വിപ്ലവത്തിന്റെ പിതാവായി കണക്കാക്കുന്ന ആയത്തുള്ള റൂഹുള്ള ഖൊമനേയിയുടെ മരണസമയത്ത് കണ്ട ആവേശമോ വികാരപ്രകടനങ്ങളോ ഇപ്പോൾ ടെഹ്റാനിലില്ല എന്നത് ഇതിനിടയിൽ ശ്രദ്ധേയമാണ്.

Iran Prepares for Monumental Funeral of Supreme Leader Khamenei:

Ayatollah Khamenei's death and the subsequent funeral arrangements in Iran represent a significant political moment, drawing international attention. The extensive ceremonies, planned months after his demise due to an alleged US-Israel attack, aim to project national unity and strength