ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മോദിക്കു പിന്നാലെ കശ്മീരിലെ നേതാക്കളേയും ക്ഷണിച്ച് ഇറാന്‍. പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയേയും അഞ്ച് ഷിയ നേതാക്കളേയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ട്. മെഹ്ബൂബ സംസ്കാരച്ചടങ്ങിനെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇറാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മോദിക്ക് പകരം വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയും , ബിഹാർ ഗവർണർ ലഫ്റ്റനന്റ് സയ്യിദ് അത്താ ഹസ്നൈനുമാണ് പങ്കെടുക്കുകയെന്നാണ് സൂചന. പ്രധാനമന്ത്രിയെക്കൂടാതെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ എന്നിവരേയും ഇറാന്‍ സംസ്കാരച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് മോദി ഉള്‍പ്പെടെയുള്ള നേതാക്കളെ ഇറാനിലേക്ക് ക്ഷണിച്ചത്. ഫെബ്രുവരി മാസത്തിലാണ് യുഎസ്–ഇസ്രയേല്‍ ആക്രമണത്തിനിടെ ഖമനയി കൊല്ലപ്പെട്ടത്. യുദ്ധാനന്തരമുള്ള നയതന്ത്രബന്ധം ശക്തമാക്കാനാണ് ഇറാന്റെ നീക്കം. ഇന്ത്യയിലെ നേതാക്കള്‍ക്കു പുറമേ പാക്കിസ്ഥാന്‍, ചൈന, റഷ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളും സംസ്കാരച്ചടങ്ങിനെത്തുമെന്നാണ് വിവരം.
ഫെബ്രുവരിയിലെ ആക്രമണത്തില്‍ ഖമനയി കൊല്ലപ്പെട്ടുവെന്ന വിവരം മാർച്ച് ഒന്നിനാണ് മാധ്യമങ്ങൾ സ്ഥിരീകരിച്ചത്. പിന്നാലെ മകന്‍ മുജ്തബ ഖമനയിയെ പരമോന്നത നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതുവരെ പൊതുപരിപാടികളിലൊന്നും തന്നെ പ്രത്യക്ഷപ്പെടാത്ത മുജ്തബ പിതാവിന്റെ സംസ്കാരച്ചടങ്ങില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ടെഹ്റാനില്‍വച്ചാണ് ഖമനയിയുടെ സംസ്കാരച്ചടങ്ങുകള്‍ നടക്കുക.