Image: File, Reuters
യുഎസ്–ഇറാന്‍ സമാധാന കരാറിന് വെല്ലുവിളിയായി ഹോര്‍മുസില്‍ വീണ്ടും കപ്പലിനെതിരെ ആക്രമണം. ഇന്നലെ ഹോര്‍മുസിലൂടെ കടന്നുപോവുകയായിരുന്ന സിംഗപ്പൂര്‍ പതാകയുള്ള ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. മാസങ്ങളായി തുടരുന്ന ആക്രമണം അവസാനിപ്പിക്കാനും ഹോര്‍മുസ് തുറക്കാനും ലക്ഷ്യമിട്ട് നിലവില്‍ വന്ന കരാറിന് വലിയ വെല്ലുവിളിയാകുന്ന സംഭവമായാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്.
ആക്രമണത്തിനു പിന്നില്‍ ഐആര്‍ജിസി ആണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലും റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നു. ഞങ്ങള്‍ പറയുന്ന വഴിയിലൂടെ സഞ്ചരിച്ചില്ലെങ്കില്‍ ആക്രമണം പ്രതീക്ഷിക്കാമെന്ന ഇറാന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഒമാന്‍ തീരത്തിനു സമീപത്ത് വച്ച് ഒരു പ്രൊജക്റ്റൈല്‍ കപ്പലില്‍ പതിച്ചതായി ജീവനക്കാര്‍ അറിയിച്ചു. മിസൈലോ റോക്കറ്റോ ആവാമെന്നാണ് നിഗമനം. സംഭവത്തില്‍ ആളപായമൊന്നുമുള്ളതായി റിപ്പോര്‍ട്ടില്ല.
സിംഗപ്പൂര്‍ പതാകയുള്ള ‘എവര്‍ ലൗലി’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇതോടെ കരാര്‍വ്യവസ്ഥകള്‍ ടെഹ്റാന്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ വാഷിങ്ടണ്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം നിരീക്ഷിക്കാനായി പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയിറ്റ് അതോറിറ്റി എക്സിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാന്‍ നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ഉറപ്പാക്കാമെന്നാണ് അതോറിറ്റി വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
അതേസമയം എവര്‍ ലൗലിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഇറാന്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഹോര്‍മുസ് വീണ്ടും തുറക്കാനുള്ള കരാർ നിലവില്‍ വന്ന ശേഷമുണ്ടായ ആക്രമണം, ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും ഇറാന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന മുന്നറിയിപ്പ് കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.